യു ഡി എഫ് പറയുന്നത് ജോസ് കെ മാണി കേൾക്കില്ല.

യു ഡി എഫ് പറയുന്നത് ജോസ് കെ മാണി ഇനി കേൾക്കില്ല. രാജ്യ സഭ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും, അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തിലും ജോസ് കെ മാണി വിഭാഗം വിട്ടു തന്നെ നിൽക്കും. ജോസ് കെ മാണിയുടെ നിലവിലുള്ള നിലപാടുകളുടെ സാഹചര്യത്തിൽ
ജോസ് വിഭാഗത്തിന് യുഡിഎഫിന്റെ മുന്നറിയിപ്പ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കുന്നില്ലെങ്കിൽ നടപടിയെടുക്കുമെന്നാണ് ബെന്നി ബെഹന്നാൻ എംപി പറഞ്ഞിരിക്കുന്നത്. അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് ജോസ് കെ മാണിയെ സസ്പെൻഡ് ചെയ്തത്. വീണ്ടും അതെ സമീപനം തുടർന്നാൽ തുടർനടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് ബെന്നിബഹന്നാൻ പറഞ്ഞിരിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തർക്കത്തെ തുടർന്നാണ്, കോട്ടയത്തെ കോൺഗ്രസ് നേതാക്കളുടെ താല്പര്യങ്ങൾക്കനുസൃതമായി ജോസ് കെ മാണി പക്ഷത്തെ യുഡിഎഫിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത്. എന്നാൽ, തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോൾ സർക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ ജോസ് കെ മാണി പക്ഷത്തിനും, ജോസഫ് വിഭാഗത്തിനും പാർട്ടിയിലെ അഞ്ച് എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ജോസ് കെ മാണിയ്ക്കൊപ്പം രണ്ട് എംഎൽഎമാരും ജോസഫ് പക്ഷത്ത് നിന്ന് പിജെ ജോസഫ് അടക്കം മൂന്ന് എംഎൽഎമാരുമാണുള്ളത്.
ജോസ് കെ മാണി പക്ഷത്തിന്റെ റോഷി അഗസ്റ്റിനാണ് പാർട്ടിയുടെ വിപ്പായി നിയമസഭാ രേഖകളിലുള്ളത്. എന്നാൽ, പാർട്ടിയുടെ വർക്കിംഗ് ചെയർമാനായുള്ള പിജെ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞതനുസരിച്ചു തങ്ങളുടെ പാർട്ടിയുടെ വിപ്പ് മോൻസ് ജോസഫാണെന്നും അതുകൊണ്ട് തന്നെ മോൻസ് ജോസഫിന്റെ വിപ്പിന് മാത്രമേ നിയമ സാധുതയുള്ളുവെന്നുമാണ് പറഞ്ഞിട്ടുള്ളത്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കണമെന്ന കാര്യത്തിൽ നിലവിൽ ജോസ് കെ മാണി പക്ഷത്തിന്റെ അഭിപ്രായംപുറത്തറിയിച്ചു കഴിഞ്ഞു. ഇതനുസരിച്ചാണ് പാർട്ടിയിലെ അഞ്ച് എംഎൽഎമാർക്കും വിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, മോൻസ് ജോസഫ് നൽകിയിരിക്കുന്ന വിപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ തീരുമാനത്തെ അട്ടിമറിക്കുന്ന നീക്കങ്ങളാണ് ജോസ് കെ മാണി പക്ഷത്തിന്റ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫ് മുന്നറിയിപ്പ് നൽകുന്നത്.