Kerala NewsLatest NewsUncategorized

വിദേശ സംഭാവന സ്വീകരിക്കാൻ ലൈഫ് മിഷൻ ഉപയോഗിച്ച പ്രോക്‌സി സ്ഥാപനം ആണ് യൂണിടാക്; സിബിഐ

ന്യൂ ഡെൽഹി: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിദേശ സംഭാവന സ്വീകരിക്കാൻ ലൈഫ് മിഷൻ ഉപയോഗിച്ച പ്രോക്‌സി സ്ഥാപനം ആണ് യൂണിടാക് എന്ന് സി ബി ഐ കണ്ടെത്തൽ. സി എ ജി ഓഡിറ്റ്, വിദേശസഹായ നിയന്ത്രണ നിയമം എന്നിവ മറികടന്ന് കോഴ കൈപ്പറ്റാൻ ആണ് യൂണിടാകിനെ ഉപയോഗിച്ചത് എന്നും സി ബി ഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്ലാറ്റ് നിർമ്മാണത്തിന് ആയി 10 ദശലക്ഷം ദിർഹം ലൈഫ് മിഷന്റെ അക്കൗണ്ടിൽ ആണ് എത്തിയിരുന്നത് എങ്കിൽ ടെൻഡർ നടപടികളിലൂടെ മാത്രം നിർമ്മാണം കൈമാറാൻ കഴിയല്ലായിരുന്നു. യൂണിടാക്കും റെഡ് ക്രസെന്റും തമ്മിൽ ഉള്ള കരാർ വഴി ആ നടപടിക്രമങ്ങൾ മറികടക്കാൻ ആയിരുന്നു ശ്രമം. കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. ഈ കൈക്കൂലി ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കു വരെ ലഭിച്ചു എന്നാണ് എന്നാണ് മൊഴി എന്നും സി ബി ഐയുടെ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതികൾക്കും ഇടപാടുമായി ബന്ധപ്പെട്ട് പണം ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ആയ സരിത്തിന് ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ഇതും ലൈഫ് മിഷന് ഇടപാടിൽ നേരിട്ട് ബന്ധമുള്ളത്തിന്റെ തെളിവ് ആണെന്ന് സി ബി ഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. വിദേശസഹായ നിയന്ത്രണ നിയമലംഘനത്തിന്റെ ഒരു ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രം ആണ്. ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ ഉൾപ്പെടെ കേസിലെ കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യേണ്ടി വരും. അന്വേഷണം രാഷ്ട്രീയ പ്രേരിതം അല്ല എന്നും സി ബി ഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ സി ബി ഐ അന്വേഷണത്തിന് എതിരെ സന്തോഷ് ഈപ്പനും സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കരാർ പ്രകാരം വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള പണം ആണ് തനിക്ക് ലഭിച്ചത് എന്നും അതിൽ വിദേശ ലംഘനം ഇല്ല എന്നും വ്യക്തമാക്കി ആണ് സന്തോഷ് ഈപ്പൻ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സി ബി ഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷൻ നൽകിയ ഹർജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button