CrimeKerala NewsLatest NewsUncategorized

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്: ഒളിവിൽ കഴിയുന്ന സഹ സംവിധായകനെ സംരക്ഷിക്കുന്നവരിൽ മലയാളത്തിലെ പ്രമുഖ നടിയും

വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ച ശേഷം സഹ സംവിധായകൻ രാഹുൽ സി ബി വഞ്ചിച്ചെന്നും സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് സ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം യുവതി രംഗത്ത് എത്തിയിരുന്നു. പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് രാഹുൽ ചിറക്കലിനെതിരെ ബലാത്സംഗക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. രാഹുലിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു . ഒളിവിൽ കഴിയുന്ന സഹ സംവിധായകനെ സംരക്ഷിക്കുന്നവരിൽ മലയാളത്തിലെ പ്രമുഖ നടിയും ഉണ്ടെന്ന് ആരോപണമാണ് ഇപ്പോൾ ഉയർന്ന വരുന്നത്. രാഹുൽ ചിറക്കലിനെയാണ് നടി സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം.

മാർട്ടിനുമായി ഏറെ അടുപ്പമുള്ള നടി കേസിൽ ഇടപെട്ട് വഴിവിട്ട സഹായം ചെയ്തു കൊടുക്കുന്നതായാണ് ആരോപണം. അതിനാൽ കോടതി ജാമ്യം റദ്ദ് ചെയ്ത രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യാൻ മടിക്കുകയാണ്. നടി പ്രത്യക്ഷത്തിലെത്തിയില്ലെങ്കിലും പിന്നിലിരുന്ന് ചരടു വലികൾ നടത്തുകയാണ്. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരാൾ കേസിൽ പെട്ടപ്പോൾ അറസ്റ്റ് ഒഴിവാക്കിയതിന് പിന്നിലും ഈ നടിയുടെ ഇടപെടലുണ്ടായിരുന്നതായി ആരോപണമുണ്ട്.

മാർട്ടിൻ പ്രക്കാട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രമുഖ നടി കേസിൽ ഇടപെട്ടത് എന്നാണ് സൂചന. താരത്തിന്റെ സ്വാധീനം ഉപയോഗിച്ച് ആദ്യം കേസിലെ അറസ്റ്റിൽ നിന്നും രക്ഷപെടുത്തി. ജാമ്യം എടുത്തതിന് ശേഷം യുവതി കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് ജാമ്യം റദ്ദു ചെയ്തു. ഇതിന് പിന്നാലെ വീണ്ടും പൊലീസിനെ താരത്തെ ഉപയോഗിച്ച് സ്വാധീനിച്ചിരിക്കുകയാണ്. ഉന്നത പൊലീസ് അധികാരികളുമായുള്ള ബന്ധംമൂലം അന്വേഷണം നടത്തുന്ന എളമക്കര പൊലീസ് നിസ്സഹായരായി നിൽക്കുകയാണ്. രാഹുൽ ഒളിവിൽ കഴിയുന്നത് എവിടെയാണ് എന്ന് പൊലീസിനറിയാം. ഉന്നത ഇടപെടൽ മൂലം അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് വിവരം.

അപകടത്തിൽ പെട്ട് ഇടുപ്പെല്ല് തകർന്ന് കിടന്ന സമയത്താണ് യുവതിയെ രാഹുൽ ബലാത്സംഗം ചെയ്തത്. വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകി പലരേയും പീഡിപ്പിച്ചെന്ന് പിന്നീട് അറിഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ കിടന്ന സമയത്തും പ്രതിയുടെ സുഹൃത്തുക്കൾ സ്വാധീനിക്കാൻ ശ്രമിച്ചു. അസിസ്റ്റന്റ് ഡയറക്ടറായ രാഹുലിനെ സ്വാധീനമുപയോഗിച്ചും പണം കൊണ്ടും പിന്തുണയ്ക്കുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ്. മാർട്ടിൻ പ്രക്കാട്ടിന്റെ ഫ്ളാറ്റിൽ വെച്ച് പ്രക്കാട്ടും രാഹുലും മാർട്ടിൻ പ്രക്കാട്ടിന്റെ സുഹൃത്തായ ഷബ്ന മുഹമ്മദും (വാങ്ക് തിരക്കഥാകൃത്ത്) ഉൾപ്പെടെയുള്ളവർ കേസ് പിൻവലിക്കാനായി തന്നെ സ്വാധീനിക്കാൻ പലവട്ടം ശ്രമിച്ചു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചത് താൻ തന്നെയാണെന്ന് മാർട്ടിൻ പ്രക്കാട്ട് വെളിപ്പെടുത്തിയെന്നും യുവതി മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു.

2014 ൽ നൈക്കി ഷോറൂം മാനേജരായിരുന്ന രാഹുലിനെ സുഹൃത്ത് വഴിയാണ് യുവതിപരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി വളർന്നു. 2017 മുതൽ രാഹുൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി ശാരീരികമായി ചൂഷണം ചെയ്തു തുടങ്ങി. ഇതിനിടയിൽ പലപ്പോഴായി ആറു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയെടുക്കുകയും ചെയ്തു. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്തു കഴിഞ്ഞതിന് ശേഷം വിവാഹം കഴിക്കാം എന്ന ധാരണയിലായിരുന്നു യുവതിയെ ഇയാൾ ചൂഷണം ചെയ്തിരുന്നത്. ഇയാളുടെ താമസ സ്ഥലത്തും ഹോട്ടലുകളിലുമാണ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായ യുവതിയുടെ ശമ്പളം മുഴുവൻ ഇയാൾ പല ആവശ്യങ്ങൾ പറഞ്ഞ് മൊബൈൽ ഫോൺ, ഡിജിറ്റൽ ക്യാമറ തുടങ്ങിയ സാധനങ്ങൾ വാങ്ങാൻ ഉപയോഗിച്ചു.

വിവിധ സ്ഥലങ്ങളിൽ ഇയാൾ യുവതിയുമായി ചുറ്റിക്കറങ്ങിയിരുന്നു. യുവതിയിൽ നിന്നും പണം കടംവാങ്ങുകയും ചെയ്തിരുന്നു. ലോക്ക് ഡൗണായപ്പോൾ യുവതി പത്തനംതിട്ടയിലെ വീട്ടിലേക്ക് പോയതോടെ ഇയാളുടെ ഫോൺവിളികൾ കുറഞ്ഞു. പിന്നീട് വിളിച്ചാൽ ഫോണെടുക്കാത്ത അവസ്ഥയിലായി. യുവതി മറ്റു നമ്പരിൽ നിന്നും രാഹുലിനെ ഫോണിൽ വിളിച്ചപ്പോൾ വിവാഹം കഴിക്കാൻ സമ്മതമല്ല എന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് രാഹുലിനെതിരെ കേസെടുക്കുകയായിരുന്നു.

യുവതി പരാതി നൽകിയതോടെ മലപ്പുറം സ്വദേശിനിയായ മറ്റൊരു യുവതിയും പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്തെങ്കിലും വിവരം രാഹുലിനെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇതോടെ പരാതിക്കാരിയായ മലപ്പുരം സ്വദേശിക്ക് നേരെ ഇവർ ഭീഷണി മുഴക്കാൻ തുടങ്ങി. പൊലീസ് വഴി വിട്ട് സഹായം ചെയ്യുന്നതായാണ് പത്തനംതിട്ട സ്വദേശിനി മറുനാടനോട് പറഞ്ഞത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ആലുവ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഫെബ്രുവരി 11ന് കോടതി ഉത്തരവായി. ഓഗസ്റ്റ് 17ന് ഹൈക്കോടതി നൽകിയ ജാമ്യം മജിസ്ട്രേറ്റ് കോടതി റദ്ദാക്കുകയും പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. നിലവിലെ കേസിൽ ജാമ്യം റദ്ദ് ചെയ്തിട്ടും പൊലീസ് അറസ്റ്റ് ചെയ്യാൻ മടിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button