പൊതുജനങ്ങളോട് അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ചൈനീസ് സര്‍ക്കാരിന്റെ ആഹ്വാനം
ബീജിംഗ്: പൊതുജനങ്ങളോട് അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ചൈനീസ് സര്‍ക്കാരിന്റെ ആഹ്വാനം. അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കണമെന്ന് അധികൃതര്‍ക്കും നിര്‍ദേശമുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് അവശ്യവസ്തുക്കള്‍ സംഭരിച്ചുവയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ വാണിജ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിത്യജീവിതത്തിനും അടിയന്തര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അവശ്യവസ്തുക്കള്‍ ശേഖരിച്ചുവയ്ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഭക്ഷ്യക്ഷാമത്തെക്കുറിച്ചോ കോവിഡ് പ്രതിസന്ധിയെക്കുറിച്ചോ പരാമര്‍ശമില്ല. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനായി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെങ്കില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം വരാതിരിക്കാനാണ് ഈ നിര്‍ദേശമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങളൊന്നും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. കോവിഡിന് പുറമേ കടുത്ത വേനലും വെള്ളപ്പൊക്കവും കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയെ ബാധിച്ചിട്ടുണ്ട്, ഇത് കാര്‍ഷിക ഉത്പാദനത്തെ ബാധിക്കുകയും അവശ്യസാധനവില കുതിച്ചുയരുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന ബീജിംഗ് വിന്റര്‍ ഒളിമ്പിക്‌സിന് മുന്നോടിയായി കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.