CinemaLatest NewsUncategorized

“പെണ്ണിന്റെ തുണിയുടെ നീളം മാത്രം നോക്കി പ്രതികരിക്കുന്നവരുടെ മുഖത്ത് നോക്കി തന്നെ തുപ്പണം”; സ്ത്രീകളുടെ വിജയത്തെ മോശമായി ചിത്രീകരിക്കുന്നവർക്കെതിരെ ശക്തമായ വിമർശനവുമായി നടി രചനാ നാരായണൻകുട്ടി

സ്ത്രീകളുടെ വിജയത്തെ മോശമായി ചിത്രീകരിക്കുന്നവർക്കെതിരെ ശക്തമായ വിമർശനവുമായി നടി രചനാ നാരായണൻകുട്ടി. പ്രവീൺ പ്രഭാകർ എന്ന ആൾ പങ്കുവെച്ച കുറിപ്പാണ് രചന പങ്കുവെച്ചത്. പെണ്ണിന്റെ വിജയത്തെ, അവളുടെ എഫർട്ടിനെ വളരെ നിസാരമായ ഒന്നോ രണ്ടോ പാരഗ്രാഫ് അമേദ്യം കൊണ്ട് റദ്ധ് ചെയ്യുന്ന മനുഷ്യരോട് വെറുപ്പ് മാത്രമേ ഉള്ളൂ എന്നു പറയുന്ന രചന പെണ്ണിന്റെ തുണിയുടെ നീളം മാത്രം നോക്കി പ്രതികരിക്കുന്നവരുടെ മുഖത്ത് നോക്കി തന്നെ തുപ്പണം എന്നും കുറിപ്പിൽ പറയുന്നു,

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ,

എപ്പോഴാണ് ഒരു വേദിയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ഒരാളേക്കാൾ രണ്ടാം സ്ഥാനം നേടുന്ന ആൾക്ക് കയ്യടികൾ കൂടുതൽ കിട്ടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ… തീർച്ചയായും അത് ഒരിക്കലും രണ്ടാം സ്ഥാനം പോയിട്ട് ആ മത്സരത്തിൽ പങ്കെടുക്കുന്നത് പോലും ഒരു വെല്ലുവിളിയായ ഒരാൾ മറ്റുള്ളവരോട് പടവെട്ടി ആ സ്ഥാനത്ത് എത്തുമ്പോളാണ്… ഒട്ടും എളുപ്പമല്ലാത്ത ചുറ്റുപാടുകളിൽ നിന്നും ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിൽ നിന്നും പോലും സ്വന്തം സ്വപ്നങ്ങളെ വിടാതെ പിന്തുടർന്ന് അതിന്റെ പത്തിലൊന്ന് എഫർട്ട് പോലും ഇല്ലാത്തവരെ പിന്നിലാക്കി തന്റെ സ്ഥാനം കെട്ടി പൊക്കുന്നവരുടെ കഥകൾ കേൾക്കുമ്പോളാണ്… ഈ വർഷത്തെ മിസ്സ് ഇന്ത്യ ആയി വിജയിച്ചത് തെലുങ്കാനക്കാരി മാനസ ആയിരുന്നു… പക്ഷെ കയ്യടികൾ മുഴുവൻ കൊണ്ടുപോയത് റണ്ണറപ്പ് മന്യ സിംഗ് ആണ്.

ഉത്തർപ്രദേശിലെ കുശിനഗറിലെ ഗലികളിൽ റാംബ് വാക്ക് പരിശീലിച്ച ഒരു പെൺകുട്ടിയെ ആ നാട്ടുകാർ ആവോളം കളിയാക്കിയിട്ടുണ്ട്… അവളുടെ മോഡൽ ആവണമെന്നുള്ള ആഗ്രഹം പോലും വളരെ ചുരുക്കം പേരൊഴികെ എല്ലാവരിലും ചിരിയാണ് ഉണ്ടാക്കിയത്… ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെ മകൾ, പട്ടിണി സ്ഥിരമായ കുടുംബത്തിലെ അംഗം, ജീവിക്കാൻ വേണ്ടി ഹോട്ടലുകളിൽ പാത്രം കഴുകാൻ പോയവൾ, അത് കഴിഞ്ഞ് രാത്രി കാൾ സെന്ററിൽ ജോലി ചെയ്ത് പണം കണ്ടെത്തിയവൾ…. സാധാരണ മനുഷ്യർക്ക് അവരുടെ സ്വപ്നങ്ങൾ എട്ടായിട്ട് മടക്കി മനസ്സിൽ തന്നെ വെച്ച് വിധിയെ ശപിച്ച് കൊണ്ട് ജീവിതം തള്ളി നീക്കാൻ ഈ സാഹചര്യങ്ങൾ ധാരാളമാണ്… പക്ഷെ മന്യയുടെ തന്നെ ഭാഷയിൽ ”ഒഴുക്കിയ വിയർപ്പും കുടിച്ച കണ്ണ് നീരും ഊർജമാക്കിയാണ്” അവൾ സ്വപ്നത്തിലേക്ക് അടി വെച്ചു കയറിയത്… കൂട്ടത്തിൽ സ്വന്തം മകളുടെ ഇഷ്ടം അതെത്ര ഉയരത്തിൽ ഉള്ളതാണെങ്കിലും അവൾക്കൊരു താങ്ങായി സമൂഹത്തിന്റെ കുത്തുവാക്കുകളെ അവഗണിച്ചു കൊണ്ട് പാറ പോലെ ഉറച്ച മനസുമായി കൂടെ നിന്ന മാതാപിതാക്കളും കയ്യടികൾ അർഹിക്കുന്നുണ്ട്.

ഇനി പറയാൻ പോകുന്നത് ഇത്രയും പോസിറ്റീവ് ആയ ഒരു വാർത്തയുടെ താഴെ വന്ന ചില കമ്മെന്റുകളെ പറ്റിയാണ്… തീർച്ചയായിട്ടും അറിയാം ബഹുജനം പലവിധമാണെന്ന്… എന്നാൽ പോലും പെണ്ണിന്റെ വിജയത്തെ അവളുടെ എഫർട്ടിനെ വളരെ നിസ്സാരമായ ഒന്നോ രണ്ടോ പാരഗ്രാഫ് അമേദ്യം കൊണ്ട് റദ്ധ് ചെയ്യുന്ന മനുഷ്യരോട് വെറുപ്പ് മാത്രമേ ഉള്ളു…തെരുവിൽ റാംബ് വാക് നടത്തി പരിശീലിച്ചപ്പോൾ അവളെ പുച്ഛിച്ച മനുഷ്യരുടെ അതേ പ്രിവിലേജ് ഉണ്ടല്ലോ, അത് തന്നെയാണ് ഈ കമന്റ് പാസ്സാക്കിയവരുടെയും ചേതോവികാരം…പൊതു വിഞ്ജാനവും അഭിരുചി ടെസ്റ്റുകളും അടക്കം പല കടമ്പകൾ കടന്നാണ് ഒരാൾ മിസ്സ് ഇന്ത്യ ആവുന്നത്… അവിടെ കേവലം ഗ്ലാമർ മാത്രമല്ല, ആറ്റിറ്റിയൂടും പേഴ്‌സണലിറ്റിയും ലാംഗ്വേജ് സ്‌കില്ലുമെല്ലാം അളവ് കോലുകളാണ്… ഇതൊന്നും അറിയാതെ പെണ്ണിന്റെ തുണിയുടെ നീളം മാത്രം നോക്കി പ്രതികരിക്കുന്നവരുടെ മുഖത്ത് നോക്കി തന്നെ തുപ്പണം.

വെള്ളം സിനിമയിലെ ഒരു ഡയലോഗ് ആണ് ഇപ്പോൾ ഓർമ വരുന്നത്… ‘ഇൻസൾട്ട് ആണ് ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്… ഏറ്റവും അധികം ഇൻസൾട്ട് ആയവനെ ഏറ്റവും വലിയ വിജയം നേടാൻ കഴിയു…’ പിന്നിട്ട വഴികളിലെല്ലാം ആവിശ്യത്തിലേറെ ഇൻസൾട്ട് നേടി അത് ഊർജമാക്കി അവളുടെ സ്വപ്നങ്ങളിൽ ഒന്ന് നേടിയ പെണ്ണാണ്… വീണ്ടും അതേ ഇൻസൾട്ടുകൾ കൊണ്ട് അവളുടെ കഷ്ടപാടുകളെ വില കുറച്ചു കളയാൻ ശ്രമിക്കുന്നവർ വെറുതെ അവരുടെ സമയം കളയുകയേ ഉള്ളു… തോറ്റു പോവുകയെ ഉള്ളു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button