രൂപശ്രീ വധം പ്രതികൾക്ക് ജാമ്യം

മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക ബി.കെ. രൂപശ്രീ (44) യെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നൽകി. രൂപശ്രീയുടെ സഹ അധ്യാപകനായ മിയാപ്പദവിലെ വെങ്കിട്ടരമണ കാറന്ത് (40), സഹായി സോങ്കാല്‍ കൊടങ്കയിലെ നിരജ്ഞന്‍ കുമാര്‍ (22) എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിന്‍റെ വിചാരണ പൂര്‍ത്തിയാവും വരെ പ്രതികള്‍ സ്വന്തം ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവായിട്ടുണ്ട്. കഴിഞ്ഞ ജനുവരി 16 നാണ് രൂപശ്രീ കൊല്ലപ്പെടുന്നത്. സ്‌കൂളിലേക്ക് പോയ രൂപശ്രീ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുമ്പളക്ക് സമീപം കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. അതേസമയം കേസില്‍ മൂന്നു മാസം മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വിചാരണ നടപടികളിലേക്ക് കടക്കാനുള്ള സാഹചര്യത്തില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. സതീഷ് അറിയിച്ചു.