മരിക്കും മുൻപ് കാണണമെന്നുണ്ട്; ബെര്‍ലിന്‍ കുഞ്ഞനന്തൻ കാത്തിരുന്നു പിണറായിയെ കാണാൻ: പക്ഷെ വന്നില്ല

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് മുൻ നിലപാടുകളിൽ മാപ്പ് പറയാന്‍ കാത്തിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന് നിരാശ. എങ്കിലും മരിക്കും മുമ്പ് ആഗ്രഹം നടക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം കണ്ണൂരിലെ വീട്ടില്‍. പൊറുക്കാനാവാത്ത തെറ്റുകളൊന്നും പിണറായിയോട് ചെയ്തിട്ടില്ലന്നാണ് ബെര്‍ലിന്‍റെ വിശ്വാസം.
അതുകൊണ്ട് തന്നെ ഇന്നലെ രാത്രി വൈകുവോളം ബെര്‍ലിന്‍ പിണറായിയെ കാത്തിരുന്നു. നേരില്‍ കാണണമെന്ന് ബര്‍ലിന്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷം ഇതാദ്യമായായിരുന്നു ഇന്നലെ പിണറായി വിജയന്‍ നാട്ടിലെത്തിയത്. രാവിലെ മുഖ്യമന്ത്രിയുടെ പെരളശേരിയിലെ ആദ്യ പരിപാടി മുതല്‍ രാത്രി കാസര്‍കോട് നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു പോകും വരെ ബെര്‍ലിന്‍ കാത്തിരുന്നു. പക്ഷെ പിണറായി വന്നില്ല
ഇതിനിടയിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് ബെര്‍ലിന്‍ കാത് കൊടുക്കാറുണ്ട്. വൈരുദ്ധ്യത്മക ഭൌതിക വാദത്തെക്കുറിച്ചുളള എം.വി ഗോവിന്ദന്‍റെ പ്രതികരണം തെറ്റായിപ്പോയെന്നാണ് ബെര്‍ലിന്‍റെ അഭിപ്രായം. “പാര്‍ട്ടി ക്ലാസ് എടുക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പറഞ്ഞു കൂടാ. ഞാനാണ് ഇതു പറഞ്ഞിരുന്നതെങ്കില്‍ എന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയേനെ” – അദ്ദേഹം പറഞ്ഞു.
എന്തായാലും നാറാത്തെ വീട്ടില്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ കാത്തിരിക്കുകയാണ്. താന്‍ മരിക്കും മുമ്പ് പിണറായി വിജയന്‍ ഈ വീട്ടിലെത്തുമെന്ന പ്രതീക്ഷയില്‍.