ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; രണ്ടുപേർ അറസ്റ്റിൽ, പിടിയിലായത് അൾജീരിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

പാരീസിലെ ലൂവ്ര് മ്യൂസിയത്തിലെ ആഭരണ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി. വിലകൂടിയ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട് ഒരു ആഴ്ച കഴിഞ്ഞ ശേഷമാണ് അറസ്റ്റ് നടന്നത്. പ്രതികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ഉയർന്ന വിമർശനങ്ങൾക്കൊടുവിലാണിത് നടന്നതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
പിടിയിലായ രണ്ടു പേരും ഫ്രഞ്ച് പൗരന്മാരാണെന്നാണ് വിവരം. പ്രതികളിൽ ഒരാൾ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെ പാരിസ് -ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് പിടിയിലായത്. വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കസ്റ്റഡിയിലാവുകയായിരുന്നു. പ്രതികൾ അൽജീരിയയിലേക്കു കടക്കാന് ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പാരീസിലെ പ്രാന്തപ്രദേശമായ സീൻ-സെന്റ്-ഡെനിസിൽ നിന്നുള്ളവരാണ് പ്രതികൾ
ഒക്ടോബർ 19-ന്, ലൂവ്രിന്റെ രണ്ടാം നിലയിലെ അപ്പോളോ ഗാലറിയിൽ ബാൽക്കണിവഴി കയറിയ മോഷ്ടാക്കൾ ഏകദേശം 10.2 കോടി ഡോളർ (896 കോടി രൂപ) വിലമതിക്കുന്ന എട്ട് രത്നാഭരണങ്ങൾ കവർന്നിരുന്നു. മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ചിലത് പിന്നീട് മ്യൂസിയത്തിനടുത്ത് നിന്ന് വീണ്ടെടുത്തിട്ടുണ്ട്.
ഈ പകൽക്കൊള്ളയിലൂടെ മ്യൂസിയത്തിന്റെ സുരക്ഷാസംവിധാനത്തിലെ വീഴ്ചകൾ തുറന്നുകാട്ടപ്പെട്ടതിനെത്തുടർന്ന്, ലൂവ്ര് അധികൃതർ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങൾ ബാങ്ക് ഓഫ് ഫ്രാൻസിന്റെ ലോക്കറിലേക്ക് മാറ്റിയിരുന്നു. അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നത് രാജഭരണകാലത്തെ ആഭരണങ്ങളായിരുന്നു എന്ന് ഫ്രഞ്ച് റേഡിയോ ആർടിഎൽ റിപ്പോർട്ട് ചെയ്തു. ലൂവ്ര് മ്യൂസിയത്തിൽ നിന്ന് മാത്രം 500 മീറ്റർ അകലെയാണ് ബാങ്ക് ഓഫ് ഫ്രാൻസ്, രാജ്യത്തിന്റെ സ്വർണശേഖരം സൂക്ഷിച്ചിരിക്കുന്നത് ഇവിടെ തന്നെ ഭൂനിരപ്പിൽ നിന്ന് 27 മീറ്റർ ആഴത്തിലുള്ള ഭൂഗർഭ അറകളിലാണ്.
Tag: Louvre Museum robbery; Two arrested, caught trying to enter Algeria



