കനയ്യ വന്നു; ക്യാപ്റ്റന്‍ പോയി- കോണ്‍ഗ്രസിന് കഷ്ടകാലം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചെഗുവേര കാലെടുത്തുവച്ചപ്പോഴേക്കും പഞ്ചാബിന്റെ ക്യാപ്റ്റനും ക്യാപ്റ്റനെ പുറത്താക്കിയ സിദ്ദുവും പുറത്തേക്ക്. യഥാര്‍ഥത്തില്‍ നാഥനില്ലാ കളരിയായ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ ജി 23 നേതാക്കള്‍ കൂടി എതിരായതോടെ താത്കാലിക പ്രസിഡന്റും കുടുംബവും ഇരുട്ടില്‍ തപ്പുകയാണ്. അതീവഗുരുതരമായ ആരോപണങ്ങളാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സിദ്ദുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത് പഞ്ചാബിന്റെ സര്‍വതോമുഖമായ പുരോഗതിക്കു വേണ്ടിയാണ് താന്‍ രാജിവക്കുന്നതെന്നു പറഞ്ഞാണ് സിദ്ദു രാജിവച്ചത്. ഈ പ്രശ്‌നം സങ്കീര്‍മായി നില്‍ക്കെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാംനബി ആസാദും നേതൃത്വത്തിനെ വിമര്‍ശിച്ചത് കൂടുതല്‍ തലവേദനയാവുകയാണ്.
ആം ആദ്മിയുടെ മുഖ്യമന്ത്രിപദം സ്വപ്‌നം കണ്ടാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷപദം രാജിവച്ചതെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. സിദ്ദുവിനെ പ്രീണിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രത്യേക ദൂതന്മാരെ നിയോഗിക്കുമ്പോള്‍ പാര്‍ട്ടിയുടെ സര്‍വതോമുഖമായ നാശത്തിന് വളം വയ്ക്കുന്ന തരത്തിലേക്കാണ് നേതൃത്വത്തിന്റെ പോക്കെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറിയും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനുമായി കെ.സി. വേണുഗോപാലിന് കേരളത്തില്‍പോലും അണികളുടെ പിന്തുണ നേടാനായിട്ടില്ല.
ചില സ്ഥാനമോഹികള്‍ അദ്ദേഹത്തിന് സ്തുതിപാടുന്നു എന്നാണ് ഒരു മുതിര്‍ന്ന നേതാവ് ഒരു സംഭാഷണത്തിനിടെ സൂചിപ്പിച്ചത്. പക്വതയില്ലായ്മയാണ് രാഹുലിന്റെയും പ്രിയങ്ക വാദ്രയുടെയും പ്രശ്‌നമെന്ന് ജി 23 നേതാക്കളും കോണ്‍ഗ്രസ് വിട്ടുപോകുന്നവരുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നുണ്ട്. എന്നാല്‍ നെഹ്‌റു കുടുംബത്തിനെ വിമര്‍ശിച്ചാല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിധിക്കുന്ന സ്തുതിപാഠകര്‍ നാളെ കനയ്യ കുമാറിനെ ഏതുതരത്തില്‍ കൈകാര്യം ചെയ്യുമെന്ന് ഉറ്റുനോക്കുകയാണ് ഇവര്‍. വളര്‍ത്തി വലുതാക്കിയ പാര്‍ട്ടി ഓഫീസില്‍ നിന്നും എസിയുമായി പടിയിറങ്ങിയ കനയ്യ നാളെ കോണ്‍ഗ്രസില്‍ നിന്നും രാജിവയ്‌ക്കേണ്ട അവസ്ഥ വന്നാല്‍ എന്തുകൊണ്ടുപോകുമെന്നാണ് അവര്‍ ചോദിക്കുന്നത്.
ഇന്നലെ അമരീന്ദര്‍ സിംഗ് അമിത് ഷായെ കണ്ടതോടെ എന്തായാലും കോണ്‍ഗ്രസ് ദേശീയനേതൃത്വം അമ്പരപ്പിലാണ്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും അധികാരമാറ്റം നടത്തണമെന്ന ആവശ്യം ശക്തമാവുകയും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള അടി മുറുകുകയുമാണ്. കേരളത്തിലെ പുതിയ നേതൃത്വത്തെ ഗ്രൂപ്പടിസ്ഥാനത്തില്‍ വെല്ലുവിളിക്കുന്നവരും കുറവല്ല. കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം അവസ്ഥ പരിതാപകരമായിരിക്കുകയാണ്.
അതിനിടെ ഭാവി പ്രധാനമന്ത്രിയെന്ന് സ്വയം വിശ്വസിച്ചു നടക്കുന്ന മുന്‍ എഐസിസി പ്രസിഡന്റ് വിദേശത്തേക്ക് മുങ്ങുമോ അതോ കുറച്ച് നേതാക്കളെക്കൂടി പുറത്താക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.