Kerala NewsLatest NewsSabarimalaUncategorized

ശബരിമലയിലെ യുവതീപ്രവേശനം: വിവാദമായപ്പോൾ നിലപാട് മാറ്റി എം.എ.ബേബി; സത്യവാങ്മൂലം നൽകുമെന്ന പ്രചാരണം തന്റെയോ പാർട്ടിയുടെയോ കാഴ്ചപ്പാടല്ല

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന നിലപാട് പിൻവലിച്ച് സിപിഎം പി.ബി.അംഗം എം.എ.ബേബി. സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയിൽ താൻ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാർട്ടിയുടെയോ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി ഇക്കാര്യത്തിൽ വിധി പ്രസ്താവിക്കുമ്പോൾ ഇടത് സർക്കാരാണ് ഭരണത്തിലുളളതെങ്കിൽ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ഞങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. പാർട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലംപ്രയോഗിച്ച് നടപ്പാക്കുകയില്ല. സാമൂഹിക സമവായമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്ന് എം.എ.ബേബി വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ബേബി നിലപാട് മാറ്റിയത്. ഇക്കാര്യത്തിൽ തിരുത്തൽ വരുത്താൻ പാർട്ടി ബേബിയോട് ആവശ്യപ്പെട്ടതായാണ് സൂചന.

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഇടത് സർക്കാർ സ്വീകരിച്ച നടപടികളാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യാൻ പോകുന്നതെന്നും ബേബി പിന്നീട് വ്യക്തമാക്കി. ദുരിതങ്ങളിൽ നിന്ന് രക്ഷിക്കാൻ എങ്ങനെ ഒരു സർക്കാർ പ്രവർത്തിച്ചു എന്നാണ് ചർച്ച നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് സംഭവിച്ചു. എന്നാൽ ഇതിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്. ആ നിലയിലാണ് ശബരിമലയുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചത്. ബി.ജെ.പി.യും അതിനോട് പ്രതികരിച്ചു. ഈ ഘട്ടത്തിൽ ഇടതുപക്ഷവും പ്രതികരിക്കാൻ ബാധ്യസ്ഥരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button