News

ശ്രമിക് ട്രെയിനുകളിൽ80 അതിഥി തൊഴിലാളികൾ മരിച്ചു.

ശ്രമിക് ട്രയിനിലെ യാത്രയ്ക്കിടെ രാജ്യത്ത് ഇതുവരെ 80 അതിഥി തൊഴിലാളികൾ മരിച്ചതായി റെയിൽവെ. മെയ് 9 മുതല്‍ 29 വരെയുള്ള കണക്കാണിത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ സോണില്‍ 18, നോര്‍ത്ത് സെന്‍ട്രല്‍ സോണില്‍ 19, ഈസ്റ്റ് കോസ്റ്റ് റെയില്‍വെ സോണില്‍ 13 എന്നിങ്ങനെയാണ് മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുക ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണിനിടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കായിട്ടായിരുന്നു, കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രമിക് ട്രെയിനുകള്‍ ഏർപ്പാട് ചെയ്തത്.മെയ് ഒന്ന് മുതലാണ് ഇത്തരം ശ്രമിക് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. മെയ് 27 വരെ 3,840 ട്രെയിനുകളാണ് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനായി രാജ്യത്ത് ഓടിയത്.

ഈ ട്രെയിനുകളില്‍ യാത്ര ചെയ്തവരിൽ 80 ഓളം പേര്‍ മരിച്ചതായിട്ടാണ് റെയില്‍വെ സുരക്ഷാസേന അറിയിച്ചിരിക്കുന്നത്. മെയ് 1 മുതല്‍ 8 വരെയുള്ള കണക്കുകള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും ആര്‍പിഎഫ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും ഉടനെ പ്രസിദ്ധീകരിക്കുമെന്നും ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചവരില്‍ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികിത്സയില്‍ തുടരുന്നവരുമായിരുന്നെന്നാണ് റെയില്‍വെ പറയുന്നത്.

മരിച്ചത് ആരായാലും അത് നികത്താനാവാത്ത നഷ്ടമാണെന്നും യാത്രക്കിടെ ആര്‍ക്കെങ്കിലും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ട്രെയിന്‍ നിര്‍ത്തി അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം റെയില്‍വെ തുടരുന്നുണ്ടെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നതാണ്. ഭക്ഷണം ലഭിക്കാത്തതിനാല്‍ ചില തൊഴിലാളികള്‍ മരിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ശ്രമിക് ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ചവരുടെ കണക്കുകള്‍ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തു വിടുമെന്നും യാദവ് അറിയിച്ചു. മെയ് ഒന്ന് മുതല്‍ എട്ട് വരെയുള്ള വിവരം ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രമിക് ട്രെയിനുകളുടെ 80 ശതമാനവും ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഓടിക്കുന്നത്. മരിച്ചവരില്‍ ഹൃദയവാല്‍വ് മാറ്റി വെച്ചയാളും അമിത രക്തസമ്മര്‍ദമുള്ളവരും ഉള്‍പ്പെടുന്നുണ്ട്. ഗുരുതര രോഗമുള്ളവര്‍ ശ്രമിക് ട്രെയിനുകളിലെ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. സുരക്ഷ മുന്‍നിര്‍ത്തി പത്ത് വയസില്‍ താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും യാത്ര ഒഴിവാക്കണമെന്നും ഗോയല്‍ പറഞ്ഞിരിക്കുകയാണ്. ഇതിനകം ശ്രമിക് ട്രെയിനുകളില്‍ 5 ദശലക്ഷം തൊഴിലാളികളെ നാട്ടിലെത്തിച്ചതായിട്ടാണ് റയിൽവെയുടെ കണക്കുകാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button