CrimeKerala NewsLatest NewsUncategorized

പാലത്തായിയിൽ ഒമ്പതുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

കണ്ണൂർ പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്. പാലത്തായിയിൽ ഒമ്പതുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ബി.ജെ.പി. പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചു.

സ്‌കൂളിലെ ശുചിമുറിയിൽവെച്ച്‌ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായി. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് രക്തക്കറ കണ്ടെത്തിയത്.
ഇതിനൊപ്പം മറ്റു രീതിയിലുള്ള ശാസ്ത്രീയ പരിശോധനകളും അന്വേഷണത്തിന്റെ ഭാഗമായി നടന്നു. കേസിൽ അധികം വൈകാതെ തന്നെ തലശ്ശേരി പോക്‌സോ കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും.

2020 ജനുവരിയിലാണ് ഒമ്ബതു വയസ്സുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. ആദ്യം പാനൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജൻ മുങ്ങി. പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പോലീസിനെതിരെ അന്ന് വ്യാപക വിമർശനമുയർന്നു.

തുടർന്ന് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പോലീസ് പറഞ്ഞു. പിന്നീട് സർക്കാർ നിർദേശ പ്രകാരം ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിച്ചു.

പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു ഈ അന്വേഷണ സംഘത്തിന്റെയും കണ്ടെത്തൽ. ഇതിനിടെ, ഐ.ജി. എസ്.ശ്രീജിത്തിന്റെ ഒരു ഫോൺ കോൾ പുറത്തു വന്നതും വിവാദത്തിനിടയാക്കി. തുടർന്ന് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.

ഐ.ജി. ഇ.ജെ. ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ വിശദമായ അന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഇവർ പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കേസിന്റെ തുടക്കം മുതലുള്ള ഓരോ കാര്യങ്ങളും വിശദമായി അന്വേഷിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button