ഇരട്ടകുട്ടികൾ മരിച്ച സംഭവം: വീഴ്ച സംഭവിച്ചെങ്കിൽ കടുത്ത നടപടിയുണ്ടാകും, ആരോഗ്യ മന്ത്രി

മഞ്ചേരി: ചികിത്സ കിട്ടാത്തതിനെ തുടർന്ന് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. അതുകൊണ്ടുതന്നെ മഞ്ചേരി മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
മഞ്ചേരി സ്വദേശിയായ ഷെറീഫിന്റെ ഭാര്യ സഹലയ്ക്കാണ് ഇങ്ങനൊരു ദുരനുഭവം നേരിടേണ്ടി വന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പടെ മൂന്ന് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു. മൂന്ന് ആശുപത്രികളിലും ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് ഷെരീഫ് വിളിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും നിന്ന് നേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവെന്നും മഞ്ചേരി മെഡിക്കൽ കോളജിൽ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ മാസം തികയാതെയാണ് എത്തിയതെന്നാണ് അറിഞ്ഞതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അവിടെ ഡോക്ടർമാർ പരിശോധിച്ച് പിന്നെ വന്നാൽ മതിയെന്നും പറഞ്ഞതായിട്ടാണ് വിവരം ലഭിച്ചതെന്നും അവര് പറഞ്ഞു.