സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചില ഇടങ്ങളിൽ നേരിയ മഴ ലഭിക്കാമെന്നും പ്രവചിച്ചു.
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. എന്നാൽ, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. തെക്കൻ, വടക്കൻ കേരള തീരങ്ങളിലും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാൻ സാധ്യതയുണ്ട്.
Tag: Isolated heavy rains likely in the state; Yellow alert in three districts