സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടില്ല.സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ.

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടില്ല. വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാമെന്ന സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു സര്‍ക്കാരിന്‍റെ അപ്പീലിലാണ് ഹൈക്കോടതി നടപടി ഉണ്ടായത്. സര്‍ക്കാര്‍ നടപടി താല്കാലികമായാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഒരു സീറ്റില്‍ ഒരാള്‍ എന്ന ലോക്ക് ഡൌണ്‍ നിയന്ത്രണമുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ 50 ശതമാനം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മുഴുവന്‍ സീറ്റുകളിലും ആളുകളെ ഇരുത്താമെന്ന ഇളവ് വന്നതോടെ സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധന പിന്‍വലിച്ച് പഴയ നിരക്ക് മാത്രമേ വാങ്ങാൻ പാടുള്ളൂ എന്ന് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാമെന്ന് സിംഗിള്‍ ബെഞ്ച് തുടർന്ന് ഉത്തരവിടുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് വെള്ളിയാഴ്ച ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ലോക് ഡൌണിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്താണ് ബസ് ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിച്ചതെന്നും നിയന്ത്രണങ്ങള്‍ മാറിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബസ് ഉടമകള്‍ക്കുള്ള ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ച് വരികയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്.