സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തുലാവർഷത്തിൻ്റെയും അറബിക്കടലിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദ്ദത്തിൻ്റെയും സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയും ചില പ്രദേശങ്ങളിൽ ശക്തമായതോ തീവ്രമായതോ ആയ മഴയും ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തീവ്രമായ മഴയ്ക്കുള്ള സാധ്യത കൂടുതലാണ്.
തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഞായറാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനമാണ്. ഇതോടൊപ്പം വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) സംസ്ഥാനത്തെത്തുന്നതിനാൽ, അടുത്ത ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴ അനുഭവപ്പെടാനാണ് സാധ്യത.
വ്യാഴാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം ജില്ലയിലുമാണ് ഒറ്റപ്പെട്ട തീവ്ര മഴ പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നു.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാകും.
Tag: Widespread rain likely in the state; isolated thunderstorms likely until Sunday