സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം ഇനി ഓണ്‍ലൈനിലൂടെ നടത്താം.

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം ഇനി ഓണ്‍ലൈനിലൂടെ നടത്താം. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ പ്രവേശനത്തിനും ടി.സി.ക്കും രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായി (sampoorna.kite.kerala.gov.in) അപേക്ഷിക്കാം.
സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. തുടങ്ങി മറ്റു സ്ട്രീമുകളില്‍നിന്ന് പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികള്‍ക്കും പുതുതായി സ്‌കൂള്‍ പ്രവേശനം തേടുന്ന കുട്ടികള്‍ക്കും സമ്ബൂര്‍ണ വഴി അപേക്ഷിക്കാം. പ്രഥമാധ്യാപകരുടെ സമ്ബൂര്‍ണ ലോഗിനില്‍ ലഭിക്കുന്ന അപേക്ഷയ്ക്കനുസരിച്ച് താത്കാലിക പ്രവേശനം നല്‍കും. അപേക്ഷിക്കുമ്ബോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പർ ഉപയോഗിച്ച് രക്ഷിതാവിന് അപേക്ഷയുടെ തല്‍സ്ഥിതി സമ്പൂർണ്ണ പോര്‍ട്ടലില്‍ പരിശോധിക്കാം. യഥാര്‍ഥരേഖകള്‍ സ്‌കൂളില്‍ പ്രവേശിക്കുന്ന ദിവസം അല്ലെങ്കില്‍ ആവശ്യപ്പെടുന്ന സമയത്ത് നല്‍കിയാല്‍ മതി. അതേസമയം, നേരിട്ട് അപേക്ഷിച്ചവര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട. ഒന്നുമുതല്‍ 9 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ക്ലാസ് കയറ്റം ‘സമ്പൂർണ്ണ’ വഴി ഇപ്പോള്‍ നടക്കും പോലെ തുടരും. ക്ലാസ് കയറ്റം വഴിയോ അല്ലാതെയോ ഉള്ള സ്‌കൂള്‍ മാറ്റത്തിന് ടി.സി.യ്ക്ക് അപേക്ഷിക്കുമ്പോൾ സമ്പൂർണ്ണ വഴിതന്നെ നല്‍കണം.