നീണ്ട ദാമ്പത്യത്തിന് ശേഷം ബിൽ ഗേറ്റ്‌സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞു;ഇനി പുതിയ ജീവിതത്തിന് തുടക്കമെന്ന് ഇരുവരും
വാഷിംഗ്ടൺ: നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരിൽ പ്രധാനിയുമായ ബിൽ ഗേറ്റ്‌സും(65) ഭാര്യ മെലിൻഡയും(56) വേർപിരിഞ്ഞു. 27 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേർപിരിയാൻ ഇരുവരും തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബിൽഗേറ്റ്‌സും മെലിൻഡയും. 130 ബില്ല്യൺ ഡോളറാണ് ഇവരുടെ സമ്പാദ്യം.
സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ഇവർ ജീവകാരുണ്യ പ്രവർത്തനത്തിനായി ചെലവാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ട്വിറ്ററിലൂടെയാണ് വേർപിരിയുന്ന കാര്യം ഇവർ അറിയിച്ചത്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇനിയും തുടരുമെന്ന് ഇവർ അറിയിച്ചു. ഇവർക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്.
ചാരിറ്റി ഫൗണ്ടേഷൻ ഇനിയും തുടരുമെന്നും ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നും പുതിയ ജീവിതത്തിന് തുടക്കമാകുകയാണെന്നും ഇരുവരും അറിയിച്ചു. നേരത്തെ ആമസോൺ ഉടമ ജെഫ് ബെസോസും ഭാര്യ മക്കെസിയും വേർപിരിഞ്ഞിരുന്നു