
ലോക്ക്ഡൗണിനെ തുടര്‍ന്ന് കോടതിമുറികളിലെ വാദം കേള്‍ക്കല്‍ നിര്‍ത്തിവച്ചത് പുനരാരംഭിക്കണമെന്നുള്ള സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെയും അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്റെയും ആവശ്യം ഉടൻ നടപ്പിലാക്കില്ല. സുപ്രീം കോടതിയില്‍ ഉടന്‍ വാദം കേള്‍ക്കല്‍ പുന:രാരംഭിക്കേണ്ടതില്ലെന്നാണ് ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതെന്നാണ് വിവരം. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള ഏഴ് ജഡ്ജിമാര്‍ അടങ്ങിയ സമിതിയാണ് ഇങ്ങനെ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കൊറോണവ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ ഉടന്‍ വാദം കേള്‍ക്കല്‍ പുന:രാരംഭിക്കേണ്ടതില്ലെന്നാണ് സമിതി വിലയിരുത്തിയത്. അതിനാല്‍ തന്നെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കുന്ന നടപടി തന്നെ തുടരും. ജൂണ്‍ 19ന് വേനല്‍ അവധിക്ക് സുപ്രീം കോടതി അടയ്ക്കാനാണ് നിലവിലെ തീരുമാനിച്ചിട്ടുള്ളത്. ജൂലൈ ആറിന് അവധിക്ക് ശേഷം ആയിരിക്കും കോടതി പുന:രാരംഭിക്കുക. സ്ഥിതി വിലയിരുത്തുന്നതിന് ഈ മാസം അവസാനം ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിൽ വീണ്ടും സമിതി യോഗം ചേരാനിരിക്കുകയാണ്.