സ്യൂട്‌കേസ് കൊലപാതകത്തിന് 25 വര്‍ഷം തികയുമ്പോഴും പ്രതി ഓമന എവിടെ?
രാജ്യത്തെ കിടുക്കിയ ആ സ്യൂട്‌കേസ് കൊലപാതകത്തിന് 25 വയസ്സ് തികയുമ്പോഴും പ്രതി ഡോക്ടര്‍ ഓമന ഇന്നും കാണാമറയത്തുണ്ട്. 1996 ജൂലായ് 11 ന് ഊട്ടിയിലെ ഒരു ഹോട്ടലില്‍ വച്ച് പയ്യന്നൂര്‍ സ്വദേശി മുരളീധരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സ്യൂട്‌കേസില്‍ നിറച്ച് കാറില്‍ യാത്രചെയ്യവേ പോലീസ് പിടിയിലായ പയ്യന്നൂര്‍ കരുവാച്ചേരിയിലെ ഡോ. ഓമനയാണ് ഇന്നും പോലീസിനെ കമ്പളിപ്പിച്ച് കൊണ്ടിരിക്കുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഓമനയെ പിന്നെ ആരും കണ്ടിട്ടില്ല.
ഭര്‍ത്താവില്‍നിന്ന് നേരത്തെ വിവാഹമോചനം നേടിയിരുന്ന ഡോ. ഓമനയുടെ സുഹൃത്തായിരുന്നു മുരളീധരന്. കാരണം വ്യക്തമല്ലെങ്കിലും കൊലപ്പെടുത്തിയ മുരളീധരന്റെ മൃതശരീരം മുറിച്ച് കഷ്ണങ്ങളാക്കി രണ്ട് സ്യൂട്‌കേസുകളിലാക്കി ഉപേക്ഷിക്കാനായിരുന്നു ഓമന പദ്ധതിയിട്ടിരുന്നത്. ഇതിനായി കൊടൈക്കനാലിലേക്കും അവിടെനിന്ന് കന്യാകുമാരിയിലേക്ക് ഇവര്‍ യാത്ര തിരിച്ചു. എന്നാല്‍ തമിഴ്‌നാട്ടിലെ ഡിണ്ടിക്കലില്‍ വച്ച് ഡോ. ഓമന പോലീസ് വലയിലാവുകയായിരുന്നു. രാജ്യത്തെ തന്നെ നടുക്കിയ ഈ കൊലപാതകം ചര്‍ച്ചകള്‍ക്കും മാധ്യമശ്രദ്ധയ്ക്കും വഴിയൊരുക്കി. തുടര്‍ന്ന് ഈ കൊലപാതകം സ്യൂട്‌കേസ് കൊലപാതകം എന്ന് അറിയപ്പെട്ടു.
മുരളീധരന് ഓമനയുമായുള്ള അടുപ്പവും തുടര്‍ന്നുള്ള അകല്‍ച്ചയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് നിഗമനം. കൊലപാതകത്തിന് ഒരാഴ്ച മുന്‍പാണ് മലേഷ്യയിലായിരുന്ന ഡോ. ഓമന കേരളത്തിലെത്തിയത്. മുരളീധരന്റെ ശരീരത്തില്‍ മയക്കുമരുന്നോ വിഷമോ കുത്തിവെക്കുകയും കൂടാതെ രക്തം കട്ടപിടിക്കുന്നതിനുള്ള മരുന്നും കുത്തിവെച്ചു. അതിന് ശേഷം പ്രത്യേക സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കി മുറിച്ചു. ശരീരാവശിഷ്ടങ്ങള്‍ നിറച്ച സൂട്‌കേസുമായി കൊടൈക്കനാലിലേക്ക് പുറപ്പെട്ടു. എന്നാല്‍ കാറിലെ ദുര്‍ഗന്ധവും ചോരപ്പാടുകളും കണ്ട ഡ്രൈവറുടെ സംശയം ഓമനയെ കെണിയിലാക്കി. കേസില്‍ 2001 ല്‍ ഡോ. ഓമന ജാമ്യത്തില്‍ ഇറങ്ങിയശേഷം മുങ്ങി. മലേഷ്യയില്‍ ജോലി ചെയ്തിരുന്നതിനാല്‍ അവര്‍ അവിടെ തന്നെ ഉണ്ടാവുമെന്ന് കരുതുന്നവരുണ്ട്. ഇന്റര്‍പോള്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഓമനയെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓമന എവിടെ എന്നത് ചോദ്യമായി തുടരുകയാണ്.
സിനിമയെ വെല്ലുന്ന തരത്തിലെ കൊലപാതക പരമ്പര ഇന്ന് നിരവധി പുറത്തു വരുന്നു എന്നത് സത്യമാണ്. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കേട്ടു കേള്‍വിയില്ലാത്ത കൊലപാതകം. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും പ്രതി എവിടെയെന്ന് കണ്ടെത്താന്‍ കഴിയാതെ പോലീസ്. ഓമനയുടെ കഴിവോ അതോ പോലീസിന്റെ കഴിവുകേടോ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ജനങ്ങള്‍.