‘ഹില്ലി അക്വ’ കുടിവെള്ളം പദ്ധതി വിജയം;ഇനിമുതൽ കുടിവെള്ള വിതരണത്തിന് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കും

പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതുമൂലമുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷൻ നടപടി തുടങ്ങി. കോർപ്പറേഷൻ ‘ഹില്ലി അക്വ’ എന്നപേരിൽ പുറത്തിറക്കുന്ന കുടിവെള്ളം, കരിമ്പിൻചണ്ടിയടക്കമുള്ളവകൊണ്ട് നിർമിച്ച, ജൈവവിഘടനം സംഭവിക്കുന്ന കുപ്പികളിൽ വിതരണം ചെയ്യാനാണ് പദ്ധതി. വിവിധ ഏജൻസികളുടെ അനുമതി ലഭിച്ചാലുടൻ പുതുരീതിയിൽ കുടിവെള്ളം വിപണിയിലെത്തും.പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കിയുള്ള പരീക്ഷണം വിജയമായതിനെ തുടർന്നാണ് വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിന് കോർപ്പറേഷൻ തയ്യാറെടുക്കുന്നത്. ജൈവവിഘടനം സംഭവിക്കുന്ന കുപ്പികളിൽ കുടിവെള്ളം നിറയ്ക്കുന്നതിന് ഇൻസിനറേറ്റർ അടക്കമുള്ളവ സജ്ജമാക്കിയിട്ടുണ്ട്. പ്രകൃതിയിൽ എളുപ്പം അലിഞ്ഞുചേരുന്ന, ചോളം, കരിമ്പ്, മരച്ചീനി തുടങ്ങിയ വസ്തുക്കളിൽനിന്ന് തയ്യാറാക്കുന്ന പോളി ലാക്ടിക് ആസിഡ് ഉപയോഗിച്ചാണ് കുപ്പികൾ നിർമിക്കുക. കൊച്ചിയിലെ ഒരു സ്റ്റാർട്ട് അപ്പ് കമ്പനി കുപ്പികൾ തയ്യാറാക്കി എത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് എന്നിവിടങ്ങളിൽനിന്ന് അനുമതി ലഭിച്ചാലുടൻ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കും..ഉത്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സോഡ, ശീതളപാനീയങ്ങൾ എന്നിവയും ഉടൻ പുറത്തിറക്കും. ഹോട്ടലുകളിലും ബേക്കറികളിലും ജ്യൂസടക്കമുള്ളവയിൽ ഉപയോഗിക്കാനുള്ള ഐസ് ക്യൂബുകൾ സജ്ജമാക്കുന്ന പ്രവൃത്തിയും തുടങ്ങും. ഐസ് നിർമാണത്തിനുള്ള യന്ത്രസാമഗ്രികളും പ്രവർത്തനസജ്ജമാണ്. ഗുണനിലവാരമില്ലാത്ത ഐസും മായംകലർന്ന ശീതളപാനീയങ്ങളുംമൂലം കുട്ടികളടക്കമുള്ളവർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിൽ കുപ്പിവെള്ളം വിതരണംചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ഏജൻസിയാണ് കോർപ്പറേഷനുവേണ്ടി വിദേശത്ത് കുടിവെള്ളം എത്തിച്ച് വിതരണം നടത്തുക.