മുംബൈയില്‍ 1000 കോടിയുടെ മയക്കുമരുന്ന് വട്ട,അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാന്‍ വഴി 191 കിലോഗ്രാം ഹെറോയിൻ കടത്തി.

കസ്റ്റംസും റവന്യൂ ഇന്‍റലിജൻസും സംയുക്തമായി മുംബൈയില്‍ 1000 കോടി രൂപ വിലമതിക്കുന്ന 191 കിലോഗ്രാം ഹെറോയിൻ പിടികൂടി. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാന്‍ വഴി കടത്തിക്കൊണ്ടുവന്ന ഹെറോയിൻ ആണ് പിടികൂടിയത്. രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. നവി മുംബൈയിലെ നവശേവ പോർട്ടിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് മയക്കുമരുന്ന് പിടികൂടിയത്. രണ്ട് പേരെ ആണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാന്‍ വഴിയാണ് പൈപ്പുകളിൽ നിറച്ച നിലയിൽ ഹെറോയിന്‍ കടത്തിക്കൊണ്ടു വന്നതെന്ന് റവന്യു ഇന്‍റലിജന്‍സ് ആണ് അറിയിച്ചിട്ടുള്ളത്. പൈപ്പിൽ പെയിന്‍റ് ചെയ്ത് മുളത്തടിയുടെ രൂപത്തിലാക്കിയിരിക്കുകയായിരുന്നു. ആയുർവേദ മരുന്നിനായാണ് മുളത്തടികൾ കൊണ്ടുവന്നതെന്നാണ് കടത്തിക്കൊണ്ടു വന്നവർ പിടികൂടുമ്പോൾ പറഞ്ഞത്. മുംബൈയില്‍ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട കൂടിയാണിത്. അറസ്റ്റിലായവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആരാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ പിടികൂടിയവരെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.