കോൺസുലേറ്റിനെതിരെ മൊഴി, സ്വർണ്ണക്കടത്ത് പ്രതികളുടെ അവസാനത്തെ പൂഴിക്കടകൻ.

പഠിച്ച അടവുകൾ മുഴുവൻ പയറ്റിയിട്ടും പരാജപ്പെടുമെന്ന് ഉറപ്പു വരുമ്പോൾ അവസാനം പയറ്റുന്നതാണ് പതിനെട്ടാമത്തെ അടവ്.
തനി നാടൻ സ്റ്റൈലിൽ പറഞ്ഞാൽ പൂഴിക്കടകൻ. യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗ് വഴി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ ഇപ്പോൾ പയറ്റുന്നത് ഈ അടവാണ്. സ്വർണക്കടത്തു കേസിലെ പ്രതികൾ യുഎഇ കോൺസുലേറ്റിനെതിരെ മൊഴി നൽകുന്നതിലൂടെയാണ് പൂഴിക്കടകൻ പ്രയോഗം നടത്തുന്നത്.
പ്രതികളായ സ്വപ്ന സുരേഷും സന്ദീപ്നായരും സരിത്തും നേരത്തെ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകി. ഇപ്പോഴിതാ, കേസിലെ മുഖ്യപ്രതിയായ കെ.ടി. റമീസും കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയിരിക്കുന്നു. പല കേസുകളിലും അന്വേഷണം വഴി തെറ്റിക്കാൻ പ്രതികൾ മൊഴി മാറ്റി നൽകാറുണ്ട്. അപ്പോഴൊക്കെ നിജസ്ഥിതി അറിയാൻ ആരോപണ വിധേയരായ വ്യക്തികളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി മൊഴിയെടുക്കാറാണ് ഉള്ളത്. സ്വർണ്ണക്കടത്ത് കേസിൽ യുഎഇയുടെ നയതന്ത്ര പ്രതിനിധികൾക്കെതിരെയാണ് പ്രതികൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്യുമ്പോഴും, ഒരുമിച്ചു ചോദ്യം ചെയ്യുമ്പോഴും ഒരേ സാമ്യമുള്ള മൊഴികൾ ലഭിച്ചതോടെയാണ് അന്വേഷണ ഏജൻസിക്കുപോലും ഇക്കാര്യം ബോധ്യപ്പെടുന്നത്.
പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം എന്നത് കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുള്ളതാണ്.
കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി യുഎഇ ഭരണകൂടത്തെ സമീപിച്ചാൽ അന്വേഷണം നീണ്ടുപോകുമെന്നു പ്രതികൾക്കറിയാം.യുഎപിഎ കേസിൽ 180 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾ ജാമ്യം നേടും.
ആരോപണ വിധേയരായ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ വിശദീകരണമില്ലാതെ കുറ്റപത്രം സമർപ്പിച്ചാൽ വിചാരണയിൽ അതു പ്രതിഭാഗത്തിനു ഗുണമാകും. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി യുഎഇ ഭരണകൂടത്തെ സമീപിച്ചാൽ അന്വേഷണം നീണ്ടുപോകാനും സാധ്യതയുണ്ട്. ഭീകരബന്ധം ആരോപിക്കപ്പെടുന്ന കേസിൽ സ്വന്തം നയതന്ത്ര പ്രതിനിധികളെ ഇന്ത്യൻ ഏജൻസികൾ ചോദ്യം ചെയ്യുന്നത് യുഎഇ അംഗീകരിക്കില്ല. യു എ ഇ യെ ഇക്കാര്യത്തിൽ സമ്മർദത്തിലാക്കാൻ ഇന്ത്യക്കും കഴിയില്ല. ഈ സാഹചര്യം മുന്നിൽ കണ്ടുള്ള തന്ത്രമാണ് പ്രതികൾ പയറ്റുന്നതെന്നാണ് അന്വേഷണ ഏജൻസി കണക്ക് കൂട്ടുന്നത്. യുഎഇയുടെ മുദ്രകളും കോൺസുലേറ്റിന്റെ രേഖകളും പ്രതികൾ വ്യാജമായി നിർമിച്ചതായുള്ള കസ്റ്റംസിന്റെ കണ്ടെത്തലാണ് പ്രോസിക്യൂഷൻ നടപടികളിൽ എൻഐഎക്കുള്ള മുഖ്യമായ തുറുപ്പു ചീട്ട്.
അതേസമയം, സ്വര്‍ണക്കടത്തു കേസ് പ്രതി കെ.ടി. റമീസുമായി ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫ്ളാറ്റുകളിൽ എത്തിച്ച് എന്‍ഐഎ സംഘത്തിന്റെ തെളിവെടുപ്പ് വെള്ളിയാഴ്ച നടത്തിയത് പോലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു. സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയായ റമീസിനെ നഗരത്തിലെ രണ്ടു ഹോട്ടലുകളില്‍ എത്തിച്ചാണ് എന്‍ഐഎ തെളിവെടുപ്പു നടത്തിയത്.
സംസ്ഥാന പൊലീസിനെപ്പോലും അറിയിക്കാതെ വളരെ രഹസ്യമായിരുന്നു തെളിവെടുപ്പ്. ശിവശങ്കറിന്റെ ഫ്ലാറ്റിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. പിന്നീട്, സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റിലും സന്ദീപിന്റെ നെടുമങ്ങാട്ടെ വീട്ടിലും എത്തിച്ച് തെളിവെടുക്കുകയുണ്ടായി.