Latest NewsNationalNews

പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് നൽകിയത് ഹാൻഡ് സാനിറ്റൈസർ തുള്ളികൾ; 12 കുട്ടികൾ ആശുപത്രിയിൽ: മൂന്ന് നഴ്സുമാർക്ക് സസ്പെൻഷൻ

മുംബൈ: പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് നൽകിയത് ഹാൻഡ് സാനിറ്റൈസർ തുള്ളികൾ. മഹാരാഷ്ട്ര യവത്മൽ ഗന്ധാജിയിലെ കാപ്സി-കോപാരിയിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിഷയത്തിൽ ഇടപെട്ട ആരോഗ്യവകുപ്പ് പ്രാഥമിക അന്വേഷണത്തിൻറെ പശ്ചാത്തലത്തിൽ മൂന്ന് നഴ്സുമാരെ സസ്പെൻഡ് ചെയ്തുഎന്നാണ് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്.

ദേശീയ വാക്സിനേഷൻ യജ്ഞത്തിൻറെ ഭാഗമായി നടക്കുന്ന പൾസ് പോളിയോ ഉദ്യമം വഴി വാക്സിൻ സ്വീകരിക്കാൻ ഒന്നു മുതൽ അഞ്ച് വരെ പ്രായമുള്ള രണ്ടായിരത്തോളം കുട്ടികളാണ് മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തിൽ എത്തിയത്. അധികൃതർ നൽകുന്ന വിവരം അനുസരിച്ച് ഇതിൽ 12കുട്ടികൾക്കാണ് പോളിയോ വാക്സിന് പകരം സാനിറ്റൈസർ തുള്ളികൾ നൽകിയത്. ഇത് സ്വീകരിച്ച കുട്ടികൾക്ക് തലചുറ്റലും ഛർദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത് സ്ഥലത്തെ ആരോഗ്യപ്രവർത്തകർക്കും കുട്ടികളുടെ രക്ഷിതാക്കൾക്കും ഇടയിൽ ആശങ്കയും ഉയർത്തിയിരുന്നു.

ആരോഗ്യസ്ഥിതി വഷളായതിനിടെ തുടർന്ന് കുട്ടികളെ സമീപത്തെ വസന്തറാവു സർക്കാർ മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റി. ‘എല്ലാ കുട്ടികളുടെയും നില തൃപ്തികരമാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ട്. ഓരോരുത്തരുടെയും ആരോഗ്യനില അനുസരിച്ച് ഡിസ്ചാർജ്ജ് ചെയ്യുന്ന കാര്യം പരിഗണിക്കും’ ആശുപത്രി ഡീൻ ഡോ.മിലിന്ദ് കാബ്ലെ അറിയിച്ചു.

അത്രയ്ക്ക് മാരകമല്ലെങ്കിലും 70% ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ആളുകൾക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. നിലവിലെ സംഭവത്തിൽ അതാണുണ്ടായിരിക്കുന്നത് എന്നാണ് ഹാൻഡ് സാനിറ്റൈസിംഗ് ദ്രാവകങ്ങൾ ഉള്ളിൽപ്പോയാലുള്ള പ്രത്യാഘാതങ്ങൾ വിവരിച്ച് ഡോക്ടർ കൂട്ടിച്ചേർത്തത്.

ജില്ലാ കളക്ടർ എം.ദേവേന്ദർ സിംഗ് കഴിഞ്ഞ ദിവസം രാത്രിയോടെ ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇദ്ദേഹത്തിൻറെ നിർദേശപ്രകാരമാണ് ജില്ലാപരിഷദ് സിഇഒ ശ്രീകൃഷ്ണ പഞ്ചൽ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും മൂന്ന് നഴ്സുമാർക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button