ഉപവാസം നടത്താന്‍ ആവശ്യപ്പെട്ടത് ഗവര്‍ണര്‍; എല്ലാ ജില്ലകളിലും ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് എത്തും
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും സ്ത്രീധനത്തിനുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉപവാസമിരിക്കുകയാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു ഗവര്‍ണര്‍ ഇന്ന് ഉപവാസമിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഉപവാസ സമരം രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചയായി മാറികഴിഞ്ഞു. രാജ്ഭവനില്‍ രാവിലെ തന്നെ അദ്ദേഹം ഉപവാസം ആരംഭിച്ച് കഴിഞ്ഞു. ഗാന്ധി സ്മാരക നിധിയും വിവിധ ഗാന്ധിയിന്‍ സംഘടനകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ഉപവാസ പന്തലിലാണ് വൈകുന്നേരത്തോടെ ഗവര്‍ണര്‍ നേരിട്ടെത്തുന്നത്.
സ്ത്രീധന പീഡനത്തിനെതിരെ ശക്തമായ നിലപാടുളളയാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഗവര്‍ണറായി നമ്മുടെ സംസ്ഥാനത്ത് എത്തുന്നതിന് മുമ്പും ഇതിനെതിരെ ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്ന് സത്യാഗ്രഹ ഫൗണ്ടേഷന്‍ ചെയര്‍മാനും ഉപവാസ സമരത്തിന്റെ സംഘാടകനുമായ മലയിന്‍ കീഴ് വേണുഗോപാല്‍ പറഞ്ഞു.
ഇത്രയധികം സാക്ഷരതയും അഭ്യസ്തവിദ്യരായ സ്ത്രീകളുമുളള കേരളത്തില്‍ ഇപ്പോഴും സ്ത്രീധനം പോലുളള സാമൂഹ്യവിപത്തുണ്ടെന്നത് കേരളത്തിലെത്തിയ അദ്ദേഹത്തെ ഞെട്ടിപ്പിച്ച കാര്യമാണ്. വിസ്മയ മരണപ്പെട്ടപ്പോള്‍ ആ വീട് സന്ദര്‍ശിച്ചത് അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായൊരു കാര്യമായിരുന്നു. അതിനുശേഷമാണ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്ത്രീധനത്തിനെതിരെ ഒരു പൊതുമനസ് സൃഷ്ടിക്കണമെന്ന താത്പര്യം ഗവര്‍ണര്‍ക്കുണ്ടായത്.
അതിന് ഗാന്ധിമാര്‍ഗമാണ് ഉത്തമമെന്നാണ് ഗവര്‍ണറുടെ പക്ഷമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ സമരത്തിന്റെ മുന്‍നിരയില്‍ ഗാന്ധിയന്‍ പ്രവര്‍ത്തകരെ രംഗത്തിറക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചത്. അതുകൊണ്ടാണ് ഗാന്ധിയന്‍ സംഘടനകളോട് ഇത്തരമൊരു ഉപവാസം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.