മഹാരാഷ്ട്രയില്‍ അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികള്‍ പോലീസ് പിടിയില്‍
താനെ: ഇന്ത്യയില്‍ താമസിക്കാനാവശ്യമായ രേഖകളില്ലാതെ ബംഗ്ലാദേശില്‍ നിന്നെത്തിയവരെ പിടികൂടി മഹാരാഷ്ട്ര പോലീസ്. നാല്പതോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെയാണ് താനെ ജില്ലയിലെ ഭിവണ്ഡിയില് നിന്ന് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. പ്രദേശത്തെ മൂന്നിടങ്ങളിലായാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. ഭിവണ്ഡിയുടെ പല പ്രദേശങ്ങളിലായി ഇവര്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്ന് ഭിവണ്ഡി ഡെപ്യൂട്ടി കമ്മിഷണര്‍ യോഗേഷ് ചവാന് പറഞ്ഞു.
ഇവര്‍ക്ക് എതിരെ കേസെടുത്തു. നഗരത്തിലുടനീളം പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശാന്തി നഗറില്‍ നിന്ന് ഇരുപതു പേരെ പിടികൂടിയപ്പോള്‍ ഭിവണ്ഡി ടൗണില്‍ നിന്നും നാര്‍പോളി പോലീസ് സ്റ്റേഷന് പ്രദേശത്ത് നിന്നും പത്തു പേരെ വീതം പിടികൂടി. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ഇരുപത്തെട്ടോളം മൊബൈലുകള്‍, വ്യാജ പാസ്പോര്ട്ടുകള്, പാന്‍ കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഇവരില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ മുംബൈ, ഭിവണ്ഡി, ഗുജറാത്ത് എന്നിവിടങ്ങളിലെ വിലാസമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവര്‍ വീട്ടുകാരുമായും അതിര്‍ത്തി കടക്കാന്‍ ഇവരെ സഹായിച്ചവരുമായി ഇമോ ആപ്പു വഴിയാണ് ബന്ധപ്പെടുന്നത്. നവംബര്‍ 20ന് ഭിവണ്ഡിയിലെ സാരാവല്ലി ഗ്രാമത്തില്‍ നിന്നും ഒമ്പതോളം അനധികൃത ബംഗ്ലാദേശികളെ പിടികൂടിയിരുന്നു.
ഇതില്‍ ഉള്‍പ്പെട്ട സലിം ഷെയ്ക്ക് എന്നയാള്‍ കഴിഞ്ഞ പതിനാറ് വര്‍ഷമായി പ്രദേശത്ത് താമസിച്ച് വരികയായിരുന്നു. കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നും കഴിഞ്ഞാഴ്ച ബംഗ്ലാദേശികള്‍ പിടിയിലായിരുന്നു. ഇവര്‍ ദേശീയ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അന്ന് അഭിപ്രായപ്പെട്ടത്. ഇവര്‍ റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെ നേടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.