Latest NewsNews

രക്തം ഛര്‍ദ്ദിച്ച്‌ മരിച്ചത് 15 പേര്‍, ടാന്‍സാനിയയില്‍ അഞ്ജാത രോഗമോ?

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ അജ്ഞാത രോഗ ലക്ഷണങ്ങളോടെ 15 ഓളം പേര്‍ മരിച്ചതായും അമ്ബതിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ട്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച എല്ലാവരും രക്തം ഛര്‍ദ്ദിച്ച്‌ അവശനിലയിലായെന്നാണ് വിവരം. ടാന്‍സാനിയയിലെ തെക്കന്‍ എംബേയ പ്രവിശ്യയിലാണ് സംഭവം. മരിച്ചവരില്‍ കൂടുതലും പുരുഷന്‍മാരാണ്.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ മരണത്തിന് കീഴടങ്ങിയതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗമേതാണെന്നും അതിന്റെ കാരണമെന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്ദ്ധര്‍. എന്നാല്‍, സ്ഥിതി ആശങ്കാജനകമല്ലെന്നും ഒരു നിശ്ചിത പ്രദേശത്തെ താമസക്കാര്‍ മാത്രമാണ് അവശരായി രക്തം ഛര്‍ദ്ദിച്ചതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇതില്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയവരാണ് മരണത്തിന് കീഴടങ്ങിയതെന്ന് അധികൃതര്‍ പറയുന്നു.

അതേ സമയം, ഗുരുതര രോഗം പൊട്ടിപ്പുറപ്പെട്ട തരത്തിലുള്ള വാര്‍ത്തകള്‍ ടാന്‍സാനിയന്‍ ആരോഗ്യമന്ത്രാലയം പൂര്‍ണമായും തള്ളി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കരളിനെയും ആമാശയത്തേയും രോഗം ബാധിച്ചിരിക്കുന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. മെര്‍ക്കുറി പോലുള്ള വസ്തുക്കള്‍ ഉള്ളിലെത്തിയോ എന്നറിയാന്‍ ഇവരുടെ രക്തം പരിശോധിക്കുകയാണ്. പ്രദേശത്തെ ജല സ്രോതസുകളിലും പരിശോധന നടത്തുന്നുണ്ട്. മദ്യത്തിലോ മറ്റു പാനീയങ്ങളിലോ വിഷം കലര്‍ന്നിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.

അതേ സമയം, ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ആശങ്ക സൃഷ്ടിച്ചെന്ന പേരില്‍ പ്രാദേശിക ചീഫ് മെഡിക്കല്‍ ഓഫീസറിനെ ആരോഗ്യമന്ത്രാലയം സസ്പെന്‍ഡ് ചെയ്യുകയും പത്ത് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. 2018ലും ഈ പ്രദേശത്ത് സമാന സംഭവം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കൊവിഡ് 19നെ ദൈവത്തോടുള്ള പ്രാര്‍ത്ഥനയിലൂടെ തങ്ങളുടെ രാജ്യം തോല്‍പ്പിച്ചതായി ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലി അവകാശപ്പെട്ടതിന് ഒരു മാസത്തിന് ശേഷമാണ് അജ്ഞാതരോഗത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കൊവിഡ് ഡേറ്റ പുറത്തുവിടുന്നത് നിറുത്തി ആറ് ആഴ്ചകള്‍ക്ക് ശേഷം ജനുവരി 9നായിരുന്നു മഗുഫുലിയുടെ പ്രസ്താവന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button