കൊറോണ രണ്ടാം തരംഗം കൂടുതൽ ബാധിച്ചത് ചെറുപ്പക്കാരേയും മധ്യവയസ്‌ക്കരേയും; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രണ്ടാം തരംഗത്തിൽ രോഗബാധിതരായവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരും മധ്യവയസ്‌ക്കരുമെന്ന് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കകുകൾ സൂചിപ്പിക്കുന്നു. രോഗബാധിതരായവരിൽ കൂടുതൽ 21നും 30നും ഇടയിൽ പ്രായമുള്ളവർക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
21നും 30നും ഇടയിൽ പ്രായമുള്ള 2,61,232 പേർക്കാണ് രണ്ടാം തരംഗത്തിൽ കൊറോണ ബാധിച്ചത്. ഇതിനു പുറമെ 31നും 40നും ഇടയിൽ പ്രായമുള്ള 2,52,935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 2,33,126 പേർക്കും കൊറോണ ബാധിച്ചെന്നും വീണ ജോർജ് പറഞ്ഞു.
മരണനിരക്ക് ഏറ്റവും കൂടുതൽ 81 മുതൽ 90 വയസ് വരെ പ്രായമുള്ളവരിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിൽ 81നും 90നും ഇടയിൽ പ്രായമുള്ള 17,105 പേർക്ക് കൊറോണ ബാധിച്ചു. ഇതിൽ 502 പേർ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനമാണ്. നിയമസഭയിൽ ഐ ബി സതീഷ് എം എൽ എയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് മന്ത്രി കണക്കുകൾ വ്യക്തമാക്കിയത്.
71 മുതൽ 80 വയസ് വരെ പ്രായമുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെ പ്രായമുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്ക്. മേയ് 31 വരെയുള്ള കണക്കുകളാണ് ആരോഗ്യമന്ത്രി നിയമസഭയിൽ വച്ചത്.