ഇന്ത്യയിലേക്ക് 16 റഫാൽ വിമാനങ്ങൾ കൂടി വരുന്നു.

ന്യൂഡൽഹി/ ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ 16 റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക്. ഫ്രാൻസുമായുള്ള കരാർ പ്രകാരം
ജൂലൈ 29ന് ആദ്യ ഘട്ടമായി അഞ്ചു വിമാനങ്ങൾ ഇന്ത്യയിൽ എത്തിയിരുന്നു. ഏപ്രിലിനകം 16 റഫാൽ വിമാനങ്ങൾ കൂടി എത്തും. നവംബർ, ജനുവരി, മാർച്ച് മാസങ്ങളിലായി മൂന്നു വിമാനങ്ങൾ വീതവും ഏപ്രിലിൽ ഏഴു വിമാനവുമാണെത്തുന്നത്. ഏഴ് ഇരട്ടസീറ്റ് വിമാനങ്ങൾ ഫ്രാൻസിൽ വ്യോമസേനാ പൈലറ്റുമാർക്ക് പരിശീലനത്തിനായി ഉപയോഗിച്ചുവരുകയാണ്.
ഏപ്രിലിലോടെ 21 ഒറ്റ സീറ്റ് വിമാനങ്ങളും ഏഴ് ഇരട്ടസീറ്റ് വിമാനങ്ങളും ഇന്ത്യക്ക് സ്വന്തമാകും. ഇതിൽ 18 എണ്ണം അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലും ബാക്കിയുള്ളവ, പശ്ചിമ ബംഗാളിലെ ഹഷിമാര വ്യോമതാവളത്തിലും ഇന്ത്യ വിന്യസിക്കും. നവംബർ അഞ്ചിനാണ് മൂന്ന് വിമാനങ്ങൾ ഫ്രാൻസിലെ ബോർഡിയക്സ് – മെറിഗ്നാക്കിൽ നിന്ന് അംബാലയിലേക്ക് എത്തുക. ആദ്യം വന്ന അഞ്ചു വിമാനങ്ങളും യുഎഇയിലെ ഫ്രഞ്ച് വ്യോമതാവളത്തിൽ ഇറങ്ങിയശേഷമാണ് വന്നതെങ്കിൽ ഇനിയുള്ളവ ആകാശത്ത് ഇന്ധനം നിറച്ച് നേരിട്ട് ഇന്ത്യയിലേക്കെത്തും. മുഴുവൻ വിമാനങ്ങളിലും മൈക, മീറ്റിയോർ എന്നീ വ്യോമ- വ്യോമ മിസൈലുകളും സ്കാൽപ്പ് വ്യോമ- ഭൂത മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്. 250 കിലോഗ്രാം ഭാരമുള്ള ബോംബ് ഘടിപ്പിക്കാവുന്ന ഹമ്മർ മിസൈലുകൾ കൂടി റഫാലിൽ ഘടിപ്പിക്കാൻ ഇന്ത്യ നിർദേശിച്ചിരിക്കുകയാണ്.
അടുത്ത നാല് വർഷത്തിന് ശേഷം, റഫാലിന്റെ എൻജിൻ നിർമാതാക്കളായ സഫ്രൻ, റഫാൽ കരാർ റാഫേലിൽ ഉപയോഗിക്കാവുന്ന സ്നെക്മ എം88 എൻജിനുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള സഹകരണവും ഫ്രാൻസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പോർവിമാന സാങ്കേതിക മേഖലയിൽ ഇന്ത്യയ്ക്ക് വലിയ നേട്ടമായിരിക്കും ഇത്. റഫാലിലെ എൻജിനായ എം88 ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനം ഡിആർഡിഒ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 2ലും ഇത് ഉപയോഗപ്പെടുത്താൻ കഴിയും. തേജസിന്റെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 1എ എന്ന പതിപ്പ് 83 എണ്ണം വാങ്ങാൻ വ്യോമസേന ഡിആർഡിഒയുമായി അന്തിമധാരണയിലേക്കു നീങ്ങുന്നതിനിടെയാണ് എൻജിൻ നിർമാണ രംഗത്ത് ഫ്രാൻസിന്റെ സഹായ വാഗ്ദാനം ഉണ്ടായിരിക്കുന്നത്. നിലവിൽ യുഎസ്, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു മാത്രമാണ് പോർവിമാനങ്ങളുടെ എൻജിൻ നിർമിക്കാനുള്ള ശേഷി നിലവിൽ ഉള്ളത്.