CovidLatest NewsNationalNewsUncategorized

കോവിഡ് രണ്ടാം വ്യാപനം; 17 ദിവസത്തെ സേവനത്തിന് ശേഷം ജർമൻ മെഡിക്കൽ സംഘം മടങ്ങുന്നു; ചിത്രങ്ങൾ പങ്കുവെച്ച്‌ അംബാസഡർ

കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം ഇന്ത്യയിലെ ആരോഗ്യ സംവിധാനത്തെ തകിടം മറിച്ചുകൊണ്ട് സജീവമായി തുടരുകയാണ്. രാജ്യതലസ്ഥാനം ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളെയെല്ലാം കോവിഡ് വ്യാപനം വളരെയധികം ബാധിച്ചു. ആരോഗ്യ സംവിധാനങ്ങളുടെ അഭാവമോ വൈദ്യസഹായം ലഭിക്കുന്നതിൽ നേരിട്ട കാലതാമസമോ ഒക്കെ മൂലം ഡൽഹിയിൽ നിരവധി പേർക്കാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ഓക്സിജൻ ആവശ്യമായി വന്ന രോഗികൾക്ക് ഓക്സിജൻ സിലിണ്ടറുകൾ പോലും ലഭ്യമാക്കാൻ കഴിയാത്ത വിധത്തിലുള്ള രൂക്ഷമായ പ്രതിസന്ധി രാജ്യത്ത് പലയിടത്തും ഉടലെടുക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചു.

ഈ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന ജർമനി വലിയ രീതിയിൽ നമ്മുടെ രാജ്യത്തെ സഹായിച്ചിട്ടുണ്ട്. വെന്റിലേറ്ററുകളും ഓക്സിജൻ പ്ലാന്റുകളും കയറ്റി അയയ്ക്കുന്നത് ഉൾപ്പെടെ നിരവധി സഹായങ്ങൾ ജർമനി നമുക്ക് നൽകിയിട്ടുണ്ട്. ജർമനിയിൽ നിന്നുള്ള ഒരു ആർമി മെഡിക്കൽ സംഘം ഡൽഹിയിൽ എത്തുകയും മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിക്കാൻ വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. 17 ദിവസങ്ങളോളം ഇന്ത്യയിൽ ചെലവഴിക്കുകയും തങ്ങളാൽ കഴിയുന്ന വിധത്തിൽ എല്ലാവിധ സഹായങ്ങളും നൽകുകയും ചെയ്ത ഈ മെഡിക്കൽ സംഘം മെയ് 17ന് തിങ്കളാഴ്ചയാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്.

ഈ മെഡിക്കൽ സംഘത്തോടൊപ്പമുള്ള ചിത്രങ്ങൾ ഇന്ത്യയുടെ ജർമൻ അംബാസഡർ ആയ വാൾട്ടർ ജെ ലിൻഡ്നർ അവർ മടങ്ങിയ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. കോവിഡ് സാഹചര്യത്തെ മറികടന്നതിന് ശേഷം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് വരാൻ ഈ സംഘം ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന സഹായങ്ങൾക്ക് ജർമൻ അംബാസഡർ കൃത്യമായ മേൽനോട്ടം വഹിക്കുന്നുണ്ടായിരുന്നു.

ജർമനിയിൽ നിന്നെത്തുകയും സർദാർ വല്ലഭായ് പട്ടേൽ ഡി ആർ ഡി ഒ ആശുപത്രി പരിസരത്ത് സ്ഥാപിക്കുകയും ചെയ്ത ഓക്സിജൻ പ്ലാന്റ് അദ്ദേഹം നേരിട്ടെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. ആ പ്ലാന്റിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നു എന്നുറപ്പ് വരുത്താൻ ജർമൻ മെഡിക്കൽ സംഘവും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button