ശബരിമല വിമാനത്താവളം: വിടാതെ കേരളം, വിലക്കുമായി ഡിജിസിഎ
ന്യൂഡല്‍ഹി: ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാന്‍ പറ്റില്ലെന്ന് കേന്ദ്രവ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ). എന്നാല്‍ എന്തുവന്നാലും ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വേണമെന്ന നിര്‍ബന്ധബുദ്ധിയാണ് കേരള സര്‍ക്കാരിന്. കേരള വ്യവസായ വികസന കോര്‍പറേഷനും (കെഎസ്ഐഡിസി) യുഎസ് കണ്‍സള്‍ട്ടന്‍സി കമ്പനിയായ ലൂയി ബഗ്റും ചേര്‍ന്നു തയാറാക്കിയ സാങ്കേതിക സാധ്യതാപഠന റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രാലയം ഡിജിസിഎയുടെ അഭിപ്രായം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാന്‍ സാധ്യമല്ലെന്ന് ഡിജിസിഎ മന്ത്രാലയത്തെ അറിയിച്ചത്.
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലാണ് നിലവില്‍ ചെറുവള്ളി എസ്‌റ്റേറ്റ്. ഒപ്പുവയ്ക്കുക പോലും ചെയ്യാതെ കെഎസ്ഐഡിസിയും യുഎസ് കമ്പനിയും ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടാണ് ഡിജിസിഎക്കു നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിനെ വിശ്വസിക്കാനാവില്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കിയിരിക്കുന്നത്. ചട്ടപ്രകാരം റണ്‍വേക്ക് ആവശ്യമായ നീളവും വീതിയും ഉറപ്പാക്കാന്‍ ഈ സ്ഥലത്തു ബുദ്ധിമുട്ടാണ്.
മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലേതുപോലെ ടേബിള്‍ടോപ് റണ്‍വേ വികസിപ്പിക്കേണ്ടി വരുമെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു. ഇത്തരം റണ്‍വേകളില്‍ അപകട സാധ്യത ഏറെയാണ്. അപകടസാധ്യത ഏറെയുള്ള ടേബിള്‍ ടോപ് റണ്‍വേകളെ പ്രോത്സാഹിപ്പിക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഈ വിമാനത്താവളം സമീപമുള്ള രണ്ടു ഗ്രാമങ്ങളെ ബാധിക്കും. രണ്ടും ജനവാസ മേഖലകളാണ്. എന്നാല്‍ എത്രപേര്‍ താമസിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ടില്‍ കൃത്യമായ കണക്കില്ല.
കൊച്ചി വിമാനത്താവളത്തില്‍നിന്ന് 88 കിലോമീറ്ററും തിരുവനന്തപുരത്തുനിന്ന് 110 കിലോമീറ്ററുമാണ് നിര്‍ദിഷ്ട വിമാനത്താവളത്തിലേക്കുള്ള ദൂരം. 150 കിലോമീറ്ററിനുള്ളില്‍ പുതിയ വിമാനത്താവളത്തിന് സാധാരണഗതിയില്‍ അനുമതി നല്‍കാറില്ല. അതു മറികടന്ന് പദ്ധതിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ റണ്‍വേ വികസനം അടക്കമുള്ള കാര്യങ്ങളിലെ പരിമിതികള്‍ പരിഗണിക്കണം. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുകളില്‍നിന്നുള്ള സിഗ്‌നലുകള്‍ നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ പരിധിയിലേക്കു കടക്കാന്‍ സാധ്യതയുണ്ട്. ഇങ്ങിനെ നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ചെറുവള്ളി എസ്‌റ്റേറ്റില്‍ തന്നെ വിമാനത്താവളം നിര്‍മിക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് കേരള സര്‍ക്കാരിനുള്ളത്.
ബിലീവേഴ്‌സ് ചര്‍ച്ച് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി പണം വാങ്ങി ഭൂമി വില്‍ക്കാനാണ് ശ്രമിക്കുന്നത് എന്ന ശക്തമായ ആരോപണം ഇക്കാര്യത്തില്‍ ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍. ശബരിമലയെ വിനോദസഞ്ചാരകേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് നിരവധി സംഘടനകള്‍ ആരോപണമുന്നയിച്ചിരുന്നു. ആ ആരോപണങ്ങളെ സാധൂകരിക്കുകയാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത്.