രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു. ഗുരുതരമായി പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെ ജയ്സൽമേരിൽ നിന്ന് ജോധ്പൂരിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. 19 പേർ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷവുമായിരുന്നു മരിച്ചത്.
ബസിൽ ആകെ 57 യാത്രക്കാരുണ്ടായിരുന്നു. യാത്ര ആരംഭിച്ച് വെറും 10 മിനിറ്റിനുള്ളിൽ തന്നെ പുകയും തീയും ഉയർന്നതോടെയാണ് അപകടം നടന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പുക ഉയർന്നതോടെ ഡ്രൈവർ ബസ് നിർത്തിയെങ്കിലും തീ അതിവേഗം പടർന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന ആരംഭിച്ചു.
ഹൃദയഭേദകമായ സംഭവമാണിത് എന്ന് മുഖ്യമന്ത്രി ഭജന്‍ലാൽ ശർമ എക്സിൽ കുറിച്ചു. “പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ മുഴുവൻ പിന്തുണ നൽകും,” എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബസ് കത്തിയ സ്ഥലവും ആശുപത്രിയിലുളള പരിക്കേറ്റവരെയും അദ്ദേഹം നേരിട്ട് സന്ദർശിച്ചു.
Tag: 20 people burnt to death after private bus catches fire in Rajasthan