ഗാസയിൽ മൂന്നു ദിവസത്തിനിടെ പട്ടിണികിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ

ഇസ്രയേൽ അധിനിവേശം തുടരുന്ന ഗാസയിലെ ദുരിതം കനക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഭക്ഷ്യ ക്ഷാമം മൂലമുണ്ടായ പട്ടിണിയും പോഷകാഹാര കുറവിലും 21 കുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടമായതെന്ന് ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയുടെ ഡയറക്ടർ ഡോ. മുഹമ്മദ് അബു സാൽമിയ വ്യക്തമാക്കി. മൂന്ന് ആശുപത്രികളിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും മരണങ്ങൾ ചേർത്തു കഴിഞ്ഞ ആഴ്ചയിൽ മാത്രം 101 പേർക്കാണ് ജീവൻ നഷ്ടമായതെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കുന്നു. ഗാസയിലെ അവസ്ഥ ദാരുണമാണെന്നും മതിയായ ഭക്ഷണം ലഭിക്കാതെയാണ് ആളുകൾ മരിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇരുപത് ലക്ഷത്തിലധികം ജനങ്ങൾ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ഫലമായി ഭക്ഷണത്തിന്റെയും മരുന്നിന്റെയും കടുത്ത ക്ഷാമത്തിലാണ് കഴിയുന്നത്. അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തിൽ ചൊവ്വാഴ്ച മാത്രം ഇരുപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഭക്ഷണവും മരുന്നും ലഭിക്കാതെ ഹോസ്പിറ്റലുകൾ അതിയായ സമ്മർദ്ദത്തിലായിരിക്കുകയാണ്. വിശപ്പിന്റെ യാതനയോടെ എത്തുന്ന കുഞ്ഞുങ്ങളെ പോലും ചികിത്സിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മെഡിക്കൽ സ്ഥാപനങ്ങൾ.
ആക്രമണങ്ങളും ഉപരോധവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളടക്കം ഭക്ഷണം തേടി നടക്കുന്നവരെപോലും കൊല്ലുന്ന ഈ മനുഷ്യത്വവിരുദ്ധ കൃത്യങ്ങൾക്കെതിരെ ശക്തമായ അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്ന ആവശ്യവും ഉയരുന്നു.
Tag: 21 children die of starvation in Gaza in three days