രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ രക്ഷാപ്രവര്‍ത്തകരുടെ പിടിവിട്ട് വെള്ളക്കെട്ടിലേക്ക് വീണ് യുവതി
മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്തത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ രക്ഷാപ്രവര്‍ത്തകരുടെ പിടിവിട്ട് വെള്ളക്കെട്ടില്‍ വീണുപോകുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രത്നാഗിരി ജില്ലയിലെ ചിപ്ലൂനിലാണ് സംഭവം. യുവതിയെ കെട്ടിടത്തിന്റെ മുകളിലേക്ക് കയറില്‍ക്കെട്ടി രക്ഷാപ്രവര്‍ത്തകര്‍ വലിച്ചെടുക്കുന്നതാണ് വീഡിയോയിലുള്ളത്.
കയറിന്റെ അറ്റത്തുകെട്ടിയ ടയറില്‍ പിടിച്ചാണ് യുവതി മുകളിലേക്കെത്തുന്നത്. കെട്ടിടത്തിന്റെ ടെറസിനു സമീപത്ത് യുവതി എത്തിയപ്പോഴേക്കും യുവതി പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. അപ്രതീക്ഷിതമായി വന്നെത്തിയ മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. കൊങ്കണ്‍ മേഖലയില്‍ മാത്രം മണ്ണിടിഞ്ഞ് ആയിരക്കണക്കിനു പേരാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നത്.
ചിപ്ലൂനിന്റെ 50 ശതമാനം പ്രദേശവും വെള്ളപ്പൊക്കത്തില്‍ മുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 70,000-ല്‍പരം ആളുകളാണ് ഇവിടെ താമസിക്കുന്നത്. 5000-ല്‍ അധികം ആളുകള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയി. നാവിക സേനയുടെ രണ്ട് രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍, രണ്ട് തീര സംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേനയിലെ മൂന്ന് ടീം, 12 പ്രാദേശിക ദുരിതാശ്വാസ സംഘങ്ങള്‍ തുടങ്ങിയവരെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.