23 സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖം ഒഴിവാക്കി

23 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനോടകം സർക്കാർ ജോലിക്കുള്ള തിരെഞ്ഞടുപ്പ് നടപടിയിൽനിന്ന് അഭിമുഖം ഒഴിവാക്കിയതായി കേന്ദ്ര പേഴ്സണൽ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. പേഴ്സണൽ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിലെ ഗ്രൂപ്പ് ബി വിഭാഗമായ നോൺ ഗസറ്റഡ്, ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള അഭിമുഖം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് 2016 മുതൽ ആരംഭിച്ച നടപടികളുടെ ഭാഗമായാണ് ഇതെന്നും മന്ത്രി പറഞ്ഞു.
ജോലിക്ക് തിരഞ്ഞെടുക്കുന്നത് പൂർണമായും എഴുത്തുപരീക്ഷയെ അടിസ്ഥാനമാക്കി വേണമെന്നും അഭിമുഖം ഒഴിവാക്കണമെന്നുമുള്ള നിർദേശം 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ചത്. ഒരു ഉദ്യോഗാർഥിക്ക് അഭിമുഖത്തിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള കത്ത് ലഭിക്കുമ്പോൾ കുടുംബം മുഴുവനും ആശങ്കയെ തുടർന്ന് അസ്വസ്ഥരാകുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഈ നിർദേശത്തിനു പിന്നാലെ പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്മെന്റ് ത്വരിതഗതിയിൽ നടപടികൾ പൂർത്തിയാക്കുകയും കേന്ദ്രസർക്കാർ ജോലികൾക്കുള്ള റിക്രൂട്ട്മെന്റിന് 2016 ജനുവരി ഒന്നുമുതൽ അഭിമുഖം ഒഴിവാക്കുകയും ചെയ്തിരുന്നു.