കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവം; റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി, ഇവർ ഒളിവിൽ
കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ഇരുവരും ഇപ്പോൾ ഒളിവിലാണ്. റമീസ് അറസ്റ്റിലായതിന് പിന്നാലെ വീട് പൂട്ടി പോയതായാണ് വിവരം. യുവതിയുടെ സുഹൃത്ത് സഹദിനെയും പ്രതിചേർത്തിട്ടുണ്ട്. റമീസ് യുവതിയെ മർദ്ദിക്കുന്നതിന് സാക്ഷിയായിട്ടും സഹദ് തടഞ്ഞില്ലെന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഹദിനെ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം.
റമീസിന്റെ മാതാപിതാക്കൾ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനാൽ, ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. യുവതിയും റമീസും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും ഇരുവരുടെയും ഫോണുകളിലുള്ള ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. യുവതി എഴുതിയ ആത്മഹത്യാകുറിപ്പ് കേസിലെ നിർണായക തെളിവായി പൊലീസ് കരുതുന്നു. റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്ത ദിവസങ്ങളിൽ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
യുവതി ജീവനൊടുക്കുന്നതിന് മുമ്പ് റമീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. വിവാഹം കഴിക്കാൻ മതം മാറ്റണമെന്ന് റമീസും കുടുംബവും സമ്മർദ്ദം ചെലുത്തിയതായും ആലുവയിലെ വീട്ടിൽ എത്തിച്ച് റമീസ് തന്നെ മർദ്ദിച്ചതായും കത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് 23കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Tag: 23-year-old woman commits suicide in Kothamangalam; Rameez’s parents charged with abetment to suicide, they are absconding