keralaKerala NewsLatest News

കോതമംഗലത്ത് 23-കാരിയുടെ ആത്മഹത്യ: പ്രതി റമീസിനെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി

കോതമംഗലത്ത് 23 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസിൽ പ്രധാനപ്രതി റമീസിനെ അന്വേഷണ സംഘം രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. മാതാപിതാക്കളെയും സുഹൃത്തിനെയും പിടികൂടിയതിന് പിന്നാലെയാണ് റമീസിനെ പൊലീസ് പിടികൂടിയത്. നാളെ മാതാപിതാക്കളെയും കസ്റ്റഡിയിൽ വാങ്ങി എല്ലാവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. റമീസിനെ പിടികൂടിയതോടെ, പറവൂർ ആലങ്ങാട് പാനായിക്കുളത്തെ വീട് പൂട്ടി മാതാപിതാക്കൾ ഒളിവിൽ പോയിരുന്നു.

റമീസിന്റെ പിതാവ് റഹിമോൻ (47), മാതാവ് ഷെരീന (46), സുഹൃത്ത് അബ്ദുൽ സഹദ് (24) എന്നിവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാതാപിതാക്കളെ സേലത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇറച്ചിക്കട നടത്തുന്ന റഹിമോൻ അറവുമാടുകൾ വാങ്ങാനായി ഇടയ്ക്കിടെ സേലം സന്ദർശിച്ചിരുന്നതുകൊണ്ടാണ് അവിടെ തമ്പടിച്ചത്. സഹദ് സ്വമേധയാ ബിനാനിപുരം പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു.

ആത്മഹത്യ പ്രേരണ കുറ്റമാണ് മാതാപിതാക്കൾക്കും സുഹൃത്തിനുമെതിരെ നിലവിൽ ചുമത്തിയിട്ടുള്ളത്. എന്നാൽ, യുവതിയെ മതം മാറ്റാൻ നിർബന്ധിച്ചു, മർദിച്ചു, പൂട്ടിയിട്ടു തുടങ്ങിയ ആരോപണങ്ങൾ വന്നതിനാൽ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. യുവതിയുടെ കുടുംബം എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ വീട് സന്ദർശിച്ച ബിജെപി നേതാക്കളും മതപരിവർത്തനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തണം എന്ന ആവശ്യം മുന്നോട്ട് വച്ചു. റമീസിനെതിരെ ആത്മഹത്യ പ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, മർദനം, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഈ മാസം ഒൻപതിനാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന യുവതിയെ റമീസും മാതാപിതാക്കളും മതം മാറാൻ നിർബന്ധിച്ചിരുന്നു. മതംമാറ്റ കാര്യം യുവതി ആദ്യം സമ്മതിച്ചെങ്കിലും, റമീസ് അനാശാസ്യ പ്രവൃത്തിയിൽപ്പെട്ടതിനെ തുടർന്ന് മതംമാറ്റം വേണ്ടെന്ന് വച്ച് രജിസ്റ്റർ വിവാഹത്തിന് സമ്മതം അറിയിച്ചു. എന്നാൽ, വിവാഹത്തിന് സമ്മതിച്ചു എന്ന വ്യാജേന യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ട് മർദിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തു എന്നാണ് ആത്മഹത്യ കുറിപ്പിലും സുഹൃത്തിന്റെ മൊഴിയിലും വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളുടെയും സുഹൃത്തിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നത്.

Tag: 23-year-old woman’s suicide in Kothamangalam: Main accused Ramees taken into custody for two days

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button