സിജിക്കെതിരെ പരാതി നല്‍കി 24 ചാനല്‍
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസ് ചാനല്‍ സിജി ഉണ്ണികൃഷ്ണനെതിരെ പരാതി നല്‍കി. ചാനലിലെ അസോസിയേറ്റ് ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വതിയാണ് സിജിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവായ സി. ഉണ്ണികൃഷ്ണനെ കാണാന്‍ 24 ചാനല്‍ സ്റ്റുഡിയോയില്‍ എത്തിയ സിജി ശ്രീകണ്ഠന്‍ നായരെ അസഭ്യം വിളിച്ചെന്നും കരണത്തു പൊട്ടിക്കുമെന്നും പറഞ്ഞ് സ്റ്റുഡിയോയില്‍ ആക്രമണം നടത്തിയെന്നുമുള്ള പരാതിയിലാണ് പോലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്.
24 ന്യൂസ് ചാനലിന്റെ കൊച്ചിയിലെ ഓഫീസില്‍ സിജി അതിക്രമിച്ചു കയറിയെന്നും സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചുവെന്നുമാണ് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. പോലീസ് എഫ്ഐആര്‍ പ്രകാരം ഒക്ടോബര്‍ ഒമ്പതിന് നടന്നെന്ന് പറയുന്ന സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒക്ടോബര്‍ 19നാണ്. കുടുംബ പ്രശ്നങ്ങള്‍ക്കിടെ കുട്ടിയെ വിട്ടു കിട്ടുന്നതിനായി ഭര്‍ത്താവിനെ ഓഫീസില്‍ കാണാന്‍ പോയ സംഭവാണ് ശ്രീകണ്ഠന്‍ നയര്‍ പകപോക്കാന്‍ ഉപയോഗിക്കുന്നത് എന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
ഇപ്പറഞ്ഞ സമയത്ത് ഓഫീസില്‍ പോയിരുന്നു എന്നു പറയുന്ന സിജി എന്നാല്‍ മറ്റു സംഭവങ്ങള്‍ നിഷേധിക്കുകയാണ്. ആക്രമണം പോലെ ഗൗരവമുള്ള സംഭവം ആയിട്ടും എന്തുകൊണ്ടാണ് പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പത്ത് ദിവസം വൈകിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീകണ്ഠന്‍ നായര്‍ക്കെതിരെ എസ്.വി. പ്രദീപിന്റെ മരണത്തില്‍ ആരോപണങ്ങളുമായി സിജി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാതി എന്നതും ശ്രദ്ധേയമാണ്.
സിജിയും ഭര്‍ത്താവ് ഉണ്ണികൃഷ്ണനും തമ്മില്‍ കുടുംബ പ്രശ്നങ്ങല്‍ നിലനില്‍ക്കുന്നുണ്ട്. സെപ്റ്റംബര്‍ 13ന് അരൂരിലെ വീട്ടില്‍ വച്ച് സിജിയെ ഉണ്ണികൃഷ്ണനും അമ്മയും സഹോദരിയും ചേര്‍ന്നു മര്‍ദിച്ചെന്ന പരാതി അരൂര്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ സിജി പരാതി നല്‍കി ഒരു മാസം കഴിഞ്ഞ് ഒക്ടോബര്‍ 14നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന ആക്ഷേപവും ഉണ്ട്. തനിക്കെതിരെ വ്യാജ പരാതിയാണ് നല്‍കിയിട്ടുള്ളതെന്ന നിലപാടിലാണ് സിജി.