ജ്ഞാനപീഠ ജേതാവും പ്രമുഖ കവിയുമായ ശംഖ ഘോഷ് കൊറോണ ബാധിച്ച് മരിച്ചു
കൊൽക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരൻ ശംഖ ഘോഷ് അന്തരിച്ചു. കൊറോണ ബാധിതനായി ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു. 89വയസായിരുന്നു.
ബംഗാളിയിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന കവിയും നിരൂപകനുമാണ് ശംഖ ഘോഷ്. ബംഗാളിസാഹിത്യത്തിലെ ഏറ്റവും സൗമ്യസാന്നിധ്യമായാണ് അദ്ദേഹം അറിയപ്പെട്ടത്. ബംഗാളിസാഹിത്യത്തിന്റെ ഭാവുകത്വത്തെ നവീകരിച്ച കവികളിൽ ഒരാൾകൂടിയായിരുന്നു ശംഖ ഘോഷ്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയതാത്പര്യങ്ങളൊന്നുമില്ലാതെ ശക്തമായ നിലപാടുകൾ സ്വീകരിച്ചതും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. ഭരണകൂടങ്ങൾ മാറിവന്നപ്പോഴും ജനവിരുദ്ധനിലപാടുകൾ സ്വീകരിച്ചവരോടെല്ലാം പ്രതികരണങ്ങളുമായി ഇദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.
രാജ്യത്തെ വിവിധ സർവകലാശാലകൾ ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, സരസ്വതീസമ്മാൻ തുടങ്ങി ഏറ്റവും ശ്രേഷ്ഠമായ അവാർഡുകൾക്കൊപ്പം പദ്മഭൂഷൺ നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്. ജ്ഞാനപീഠവും ഈ സാഹിത്യശ്രേഷ്ഠനെ തേടിയെത്തി.