കെ സുരേന്ദ്രന്റെ പേരില്‍ 248 കേസുകള്‍, പിണറായി വിജയനെതിരെ മൂന്ന് കേസുകളും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 248 കേസുകള്‍. ഭൂരിഭാഗം കേസുകളും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടവയാണ്.
വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പുറമേ ലഹള നടത്തല്‍, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍, പൊലീസുകാരുടെ ജോലി തടസപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുന്‍മുഖ്യമന്ത്രി ഇമ്മന്‍ചാണ്ടിയുടെ പേരില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമരങ്ങളുടെ ഭാഗമായാണ് മൂന്ന് കേസുകള്‍. ഒരെണ്ണം സോളാര്‍ കേസ് പ്രതിയുടെ പരാതിയില്‍ ക്രൈബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തതാണ്. 2018 ല്‍ ശബരിമല പ്രക്ഷോഭ സമയത്ത് നിരോധനാജ്ഞ ലംഘിച്ചതിനും യുഡിഎഫ് സമരത്തിന്റെ ഭാഗമായി ജനകീയ മെട്രോ റെയില്‍യാത്ര നടത്തിയതും മലയിന്‍ കീഴില്‍ സമരത്തിന്റെ ഭാഗമായി അനധികൃതമായി കൂട്ടം കൂടിയതിനുമാണ് പമ്ബ, ആലുവ ഈസ്റ്റ്, മലയിന്‍കീഴ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അഴിമതി നിരോധനിയമപ്രകാരമാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വകാര്യ ലാഭത്തിനായി കരാറിലേര്‍പ്പെട്ടെന്ന കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് പൊതുവഴി തടസപ്പെടുത്തിയതിനാണ് മറ്റൊരു കേസ്. മൂന്നാമത്തെ കേസ് ടിനന്ദകുമാര്‍ ഫയല്‍ ചെയ്ത പാപ്പര്‍ കേസാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം മലയിന്‍കീഴ് (സ്വര്‍ണക്കടത്ത് കേസിനെതിരായ സമരം), വടക്കാഞ്ചേരി (ലൈഫ് മിഷന്‍ ഫ്‌ളാറ്റ് ക്രമക്കേടിനെതിരായ സമരം), തിരുവനന്തപുരം മ്യൂസിയം (കരുണാകരന്‍ ജന്മദിനാഘോഷം), അമ്ബലപ്പുഴ (തോട്ടപ്പള്ളി സമരം) പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ശബരിമല സമരത്തിന്റെ പേരില്‍ പമ്ബ സ്റ്റേഷനിലും ജനകീയ യാത്രയുടെ പേരില്‍ ആലുവ ഈസ്റ്റിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ 2010, 2019 വര്‍ഷത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസും നിലവിലുണ്ട്.