indiaLatest NewsNationalNews

ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം തീരുവ; യുഎസ്സിൽ നിന്ന് എഫ്-35 യുദ്ധവിമാനം വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസർക്കാർ

ട്രംപ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന്, യുഎസിൽ നിന്ന് എഫ്-35 യുദ്ധവിമാനം വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ്-35 വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ ലക്ഷ്യം എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ആയുധ ഇടപാടുകൾ ഇപ്പോൾ യു.എസുമായി നടത്തില്ലെന്ന നിലപാട് ഇന്ത്യ യു.എസിനെ അറിയിക്കുകയും ചെയ്തു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ആവശ്യമായ ആയുധങ്ങൾ പരമാവധി തദ്ദേശീയമായി നിർമ്മിക്കാനും, മറ്റ് രാജ്യങ്ങളുമായി സംയുക്തമായി വികസിപ്പിച്ച ആയുധങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കാനും കേന്ദ്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഉയർന്ന വില കൊടുത്ത് ആയുധങ്ങൾ വാങ്ങി ദീർഘകാലം വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതിൽ നിന്ന് മാറുക എന്നതാണ് സർക്കാരിന്റെ സമീപനം.

ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ഇന്ത്യ-അമേരിക്ക ബന്ധങ്ങളിൽ സമ്മർദ്ദം സൃഷ്ടിച്ചെങ്കിലും, ഇന്ത്യ പ്രതികാര നടപടികൾ ഒഴിവാക്കി നയതന്ത്ര മാർഗം വഴി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നു. ദേശീയ താൽപര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും, കര്‍ഷകരെയും ചെറുകിട സംരംഭകരെയും ബാധിക്കുന്ന തരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാനില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് എഫ്-35 വിമാന ഓഫർ ഇന്ത്യ ഔദ്യോഗികമായി നിരസിച്ചത്. വ്യാപാര കമ്മി കുറയ്ക്കുന്നതിനായി ഇന്ത്യ പ്രകൃതിവാതകം, ആശയവിനിമയ ഉപകരണങ്ങൾ, സ്വർണം എന്നിവ കൂടുതലായി ഇറക്കുമതി ചെയ്യാമെങ്കിലും, പുതിയ ആയുധ ഇടപാടുകൾ ഇപ്പോൾ ഉണ്ടാകില്ല.

എഫ്-35യ്ക്ക് ഉയർന്ന വിലയുണ്ടെങ്കിലും, വിമാനത്തിന്റെ സമ്പൂർണ നിയന്ത്രണം യുഎസ് ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് വ്യക്തമാക്കുന്നു. അതേസമയം, റഷ്യ ഇന്ത്യയ്ക്ക് എസ്.യു-57ഇ അഞ്ചാം തലമുറ യുദ്ധവിമാനവുമായി ബന്ധപ്പെട്ട് ആകർഷകമായ വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ നിർമിക്കാൻ സാങ്കേതിക വിദ്യ കൈമാറൽ, ഇന്ത്യൻ ആയുധങ്ങളും സാങ്കേതികവിദ്യകളും ഉൾപ്പെടുത്താൻ പൂർണ്ണ സോഴ്സ് കോഡ് കൈമാറൽ, അസംബ്ലി ലൈൻ സ്ഥാപിക്കാൻ സഹായം എന്നിവയാണ് റഷ്യ നൽകിയ വാഗ്ദാനങ്ങൾ. ഇന്ത്യയിൽ നിർമ്മിച്ചാൽ എസ്.യു-57ഇയുടെ നിർമ്മാണ ചെലവ് പകുതിയോളം കുറയുമെന്നാണ് കരുതുന്നത്.

ഇതിനൊപ്പം, വിരൂപാക്ഷ റഡാർ, അസ്ത്ര മിസൈൽ, രുദ്രം മിസൈൽ തുടങ്ങി ഇന്ത്യ വികസിപ്പിച്ച സാങ്കേതികവിദ്യകളും ഈ യുദ്ധവിമാനത്തിൽ ഉൾപ്പെടുത്താൻ സാധിക്കും. എഫ്-35 ഓഫർ നിരസിച്ചെങ്കിലും, സഹകരണത്തിനുള്ള വാതിലുകൾ ഇന്ത്യ തുറന്നുവെച്ചിരിക്കുകയാണ്.

Tag;25 percent duty on India; Central government drops plan to buy F-35 fighter jets from US

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button