‘നാലാം ബീവിയാക്കാന്‍ പോണ പുയ്യാപ്ലേന്റെ തലേല് മത്തി വെള്ളം ഒഴിക്കുമോ? ഇല്ല’; സിനിമയെക്കുറിച്ച് ശശികല ടീച്ചര്‍

ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഭാരതീയ അടുക്കള ഹിന്ദു മതവിശ്വാസികളെയും മണ്ഡലകാല ആചാരങ്ങളെയും താറടിച്ച് കാണിക്കുവാന്‍ വേണ്ടിയെടുത്ത സിനിമയാണെന്ന ആരോപണം നിലനില്‌ക്കേ ചിത്രത്തിനെതിരെ പരിഹാസവുമായി ശശികല ടീച്ചര്‍. ശശികല ടീച്ചര്‍, സംസ്ഥാന അദ്ധ്യക്ഷ ഹിന്ദു ഐക്യവേദി എന്ന ഫേസ്ബുക്ക് പേജിലാണ് ശബരിമല വ്രതാനുഭവങ്ങളും അടുക്കള മാഹാത്മ്യങ്ങളും ടീച്ചര്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിങ്ങനെ:
ഉമ്മറത്ത് ഒരു കിണ്ടിയും ചാരു കസേരയും തിണ്ടത്ത് ഒരു കോളാമ്പിിയും വെക്കാതെ ആരും വള്ളുവനാടന്‍ കഥകള്‍ പറയാറില്ല. സവര്‍ണ്ണ ഫാസിസ്റ്റ് മൂരാച്ചി എന്ന് ഭാഷയ്ക്കു പോലും ചീത്തപ്പേരുള്ള സ്ഥലവുമാണത്. ആ വള്ളുവനാടന്‍ ഗ്രാമമായ കവളപ്പാറക്കാരിയായഅമ്മയുടേയും ഏറനാടില്‍ പെടുമെങ്കിലും വള്ളുവനാടന്‍ സംസ്‌കൃതി അന്ന് നിലനിന്നിരുന്ന മലപ്പുറംകാരനായ അച്ഛന്റേയും മകളാണ് ഞാന്‍ . അഞ്ചു വയസ്സു മുതല്‍ അതേ വള്ളുവനാടിന്റെ പാരമ്ബര്യം പേറുന്ന പട്ടാമ്പിയില്‍ വളര്‍ന്നു. എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ തീണ്ടാരിയായ എന്റെ അമ്മ തൊടാതെമാറിയിരുന്നിരുന്ന ചെറിയ ഓര്‍മ്മ എനിക്കുണ്ട്. പക്ഷേ അധ്യാപികയായ അമ്മ ആ ദിവസങ്ങളിലും സ്‌കൂളില്‍ പോയിരുന്നു. എനിക്ക് ഇപ്പോള്‍ അന്‍പത്തി എട്ട് വയസ്സ് തികയാന്‍ പോകുന്നു. പക്ഷേ ഒരിക്കല്‍ പോലും എന്റെ വീട്ടില്‍ എനിക്ക് അത്തരത്തില്‍ മാറിയിരിക്കേണ്ടി വന്നിട്ടില്ല. (മണ്ഡലക്കാലമൊഴിച്ച്).
39 കൊല്ലം മുന്‍പ് ഒരു വള്ളുവനാടന്‍ ജന്മി കുടുംബത്തിലേക്ക് രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രം കൈമുതലായ ഒരമ്മയുടെ എട്ടാമത്തെ പുത്രന്റെ കൈയും പിടിച്ച് കയറിയവളാണ് ഞാന്‍ .പക്ഷേ അതും മഹത്തായ ഒരു ഇന്ത്യന്‍ അടുക്കള’യായിരുന്നില്ല . ആ നാലു പതിറ്റാണ്ടിനു മുന്‍പു തന്നെ അവിടെ മണ്ഡലക്കാലമൊഴിച്ച് തീണ്ടാരി ശുദ്ധമൊന്നും പതിവില്ലായിരുന്നു. കുടുംബത്തിന്റെ മൊത്തം കാര്യങ്ങള്‍ക്ക് മേല്‍നോട്ടം നടത്തുന്ന പാടത്തും പറമ്ബിലും വേണ്ടുന്ന പണികള്‍ എടുപ്പിക്കുന്ന – അവര്‍ക്ക് കൂലി കൊടുക്കുന്ന – അവരെ സ്‌നേഹിക്കുന്ന – ശാസിക്കുന്ന ആ അമ്മയില്‍ ഞാന്‍ കണ്ടത് സ്ത്രീ ശാക്തീകരണത്തിന്റെ തന്റേടത്തിന്റെ പാഠങ്ങളായിരുന്നു. എന്നു വെച്ച് ഞങ്ങളാരും പാരമ്ബര്യ നിഷേധികളായിരുന്നില്ല.
ബിരുദാനന്തര ബിരുദവും BEd ഉം ഉണ്ടായിട്ടും ചില ദിവസങ്ങളില്‍ ഞാന്‍ തുളസി തൊടാതെ മാറി നിന്നു . അതുകൊണ്ട് പ്രത്യേകിച്ച് ഒരു കുറവും എനിക്ക് തോന്നിയിട്ടില്ല. തുളസി ഉണങ്ങുമെന്ന് മുത്തശ്ശി പറയാറുണ്ട്. ഉണങ്ങില്ല എന്ന് എനിക്കറിയാം. അല്ലെങ്കില്‍ ഉണങ്ങിയാല്‍ തന്നെ നമുക്കെന്താ? പക്ഷേ പൂജക്കെടുക്കുന്നതായതുകൊണ്ട് തൊടാതെ മാറിനിന്നു.. ആ ദിവസങ്ങളില്‍ അമ്ബലങ്ങളില്‍ പോയില്ല. നിലവിളക്ക് കൊളുത്തിയില്ല ചന്ദനവും ഭസ്മവും തൊട്ടില്ല. ക്ഷേത്രങ്ങളിലെ പ്രസാദം കഴിച്ചിരുന്നുമില്ല. മണ്ഡലക്കാലത്ത് എനിക്ക് മാത്രമറിയാവുന്ന ആ ദിവസങ്ങളില്‍ മാലയിട്ട വരുമായുള്ള സമ്ബര്‍ക്കം കഴിയുന്നതും ബോധപൂര്‍വ്വം ഒഴിവാക്കി അതു കൊണ്ട് പുരോഗമനം നഷ്ടപ്പെട്ടു എന്നോ സ്വാഭിമാനം നഷ്ടപ്പെട്ടു എന്നോ തോന്നിയിട്ടില്ല. ബസ് യാത്രാവേളകളില്‍ അയ്യപ്പന്മാരായ കണ്ടക്റ്റര്‍മാര്‍ക്ക് പൈസ കൊടുക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് സഹയാത്രികരെ ആശ്രയിച്ചിട്ടുണ്ട്. ക്ലാസ്സിലെ മാലയിട്ട മണികണ്ഠന്മാരില്‍ നിന്നും അകന്നു തന്നെ നിന്നിരുന്നു.. ചില അച്ചടക്കങ്ങള്‍ ആചാരത്തിന്റെ ഭാഗമായി അനുസരിക്കുന്നതില്‍ വിഷമം തോന്നിയിട്ടില്ല.
അതിന്റെ ശാസ്ത്രമോ യുക്തിയോ അന്വേഷിച്ച് അലഞ്ഞിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോ എനിക്കിഷ്ടപ്പെട്ട പൊതുപ്രവര്‍ത്തനത്തിനോ എനിയ്കിഷ്ടപ്പെട്ട കലാപരിപാടികളില്‍ നിന്നോ എന്നെ വിലക്കാത്ത എന്റെ മതത്തെ ഞാനെന്തിന് കുറ്റപ്പെടുത്തണം. സര്‍ക്കാര്‍ ജീവനക്കാരനായ എന്റച്ഛന് അടുക്കളപ്പണി ഒന്നും അറിയില്ലായിരുന്നു. അത് പുരുഷ മേധാവിത്തം കൊണ്ടല്ല സ്ത്രീകള്‍ പകര്‍ന്നു കൊടുത്ത ശീലങ്ങളുടെ ഫലമായിരുന്നു.. അച്ഛമ്മയും അച്ഛന്‍ പെങ്ങന്മാരും പുരുഷന്മാരെ അടുക്കളയില്‍ അടുപ്പിച്ചിരുന്നില്ല. എന്നു വെച്ച് അടഞ്ഞ സിങ്ക് വൃത്തിയാക്കല്‍’ പുരുഷ ജോലിയായിത്തന്നെ എടുക്കുമായിരുന്നു. പുരപ്പുറം വൃത്തിയാക്കാന്‍ അവരാരും സ്വന്തം അച്ചിമാരെ പുരപ്പുറത്ത് കയറ്റാറില്ല – സ്വയം കയറാറേ ഉള്ളു. ഒരു തൊഴില്‍ വിഭജനം എന്നതിനപ്പുറം ഒരു മാനം അതിനുണ്ടായിരുന്നോ? അല്ല എന്തിനാ പഴം പുരാണം പറേണത് അല്ലേ ? മഹത്തായ ഇന്ത്യന്‍ അടുക്കളകള്‍ക്ക് പണം മുടക്കുന്ന തമ്പ്രാക്കന്മാര്‍ക്കു മുന്നില്‍ കവാത്ത് മറക്കുമ്പോള്‍ കൊട്ടത്തളത്തിലെ കെട്ട വെള്ളം അയ്യപ്പന്റെ തലേലൊഴിച്ചല്ലേ പറ്റു . അല്ലാതെ മൊഞ്ചത്തിപ്പെണ്ണിനെ നാലാം ബീവിയാക്കാന്‍ പോണ പുയ്യാപ്ലേന്റെ തലേല് മത്തി വെള്ളം ഒഴിക്കാന്‍ പൂതിപ്പെട്ടിട്ട് കാര്യണ്ടോ ?