ആശുപത്രിയില്‍ പ്രവേശനം ലഭിച്ചില്ല: വനിതാ എന്‍ജിനീയര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍
ഉത്തര്‍പ്രദേശില്‍ ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതിരുന്ന എന്‍ജിനീയര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍. നോയിഡയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത് .
കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലായതോടെ 35കാരിയായ ജാഗ്രതി ഗുപ്ത ആശുപത്രിയിലെത്തുകയായിരുന്നു. ജാഗ്രതിക്കൊപ്പമുണ്ടായിരുന്ന വീട്ടുടമസ്ഥന് ആശുപത്രി പ്രവേശനത്തിനായി അപേക്ഷിച്ചെങ്കിലും പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് മൂന്നുമണിക്കൂറിലധികം യുവതിയും വീട്ടുടമസ്ഥനും ആശുപത്രിക്ക് പുറത്ത് കാറില്‍ കഴിഞ്ഞു. പിന്നീട് ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതോടെ എന്‍ജിനീയര്‍ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നയാളുടെ വീട്ടിലാണ് യുവതിയുടെ താമസം. ഭര്‍ത്താവും രണ്ടു കുട്ടികളും മധ്യപ്രദേശിലാണ്.
‘യുവതിയുടെ വീട്ടുടമസ്ഥന് സഹായത്തിനായി യാചിക്കുമ്പോള്‍ ഞാന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ആരും അദ്ദേഹത്തെ കേള്‍ക്കാന്‍ തയാറായിരുന്നില്ല. ഏകദേശം മൂന്നരയോടെ അവര്‍ വീണു. ഇതോടെ അദ്ദേഹം ആശുപത്രിയിലെ റിസപ്ഷനിലെത്തുകയും യുവതിക്ക് ശ്വാസമില്ലെന്ന് അറിയിക്കുകയുമായിരുന്നു. ജീവനക്കാര്‍ എത്തിയെങ്കിലും മരിച്ചതായി അറിയിച്ചു’ -ദൃക്സാക്ഷിയായ സചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
യു.പിയില്‍ ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചുവീഴുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഓക്സിജന്‍ ക്ഷാമവും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ് വെല്ലുവിളിയാകുന്നത്. കൊവിഡ് രോഗികള്‍ നോയിഡയിലെ റോഡില്‍ മരിച്ചുവീഴുന്നത് സ്ഥിരം കാഴ്ചയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ആശുപത്രിയിലെത്തിച്ചാല്‍ ഓക്സിജന്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കുന്നതും സ്ഥിരം കാഴ്ചയാണ്.