27 വർഷത്തിനു ശേഷം പീഡിപ്പിച്ചവർക്കെതിരെ സ്ത്രീ; പരാതിയ്ക്കുപിന്നിൽ?

ഷാജഹാൻപുർ (ഉത്തർപ്രദേശ്): 27 വർഷത്തിനു ശേഷം പീഡിപ്പിച്ചവർക്കെതിരെ പരാതിയുമായി സ്ത്രീ. പീഡനത്തെത്തുടർന്നുണ്ടായ മകൻ, തന്റെ അച്ഛൻ ആരാണെന്ന് ചോദിച്ചതിനു പിന്നാലെയാണ് ഇവർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
12–ാം വയസ്സിൽ നിരവധി തവണ പീഡനത്തിനിരയായ പെൺകുട്ടി 1994ൽ 13–ാം വയസ്സിൽ പ്രസവിച്ചു. നവജാത ശിശുവിനെ തന്റെ സ്വന്തം സ്ഥലമായ ഉദംപുരിലെ ഒരാൾക്ക് നൽകിയ ശേഷം ബന്ധുവിനൊപ്പം പെൺകുട്ടി റാംപുരിലേക്ക് പോയി. ഗാസിപുരിലെ ഒരു വ്യക്തിയെ യുവതി പിന്നീട് വിവാഹം ചെയ്തു.
യുവതി പീഡിപ്പിക്കപ്പെട്ട വിവരം ഭർത്താവ് 10 വർഷത്തിനുശേഷമാണ് അറിഞ്ഞത്. ഇതോടെ ഇയാൾ വിവാഹബന്ധം വേർപെടുത്തി. വളർത്താൻ ഏൽപ്പിച്ച കുട്ടി ഇതിനിടെ അച്ഛനെയും അമ്മയെയും അന്വേഷിക്കുന്നുണ്ടായിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ഉദംപുരിലെത്തിയ അമ്മയെ മകൻ കണ്ടുമുട്ടിയതോടെയാണ് പീഡനവിവരം അറിയുന്നത്.
അമ്മയോട് കുട്ടി അച്ഛനാരാണെന്ന് ചോദിച്ചു. ഇതോടെയാണ് വെള്ളിയാഴ്ച സദർ ബസാർ പൊലീസ് സ്റ്റേഷനിൽ സ്ത്രീ പരാതി നൽകിയത്. നകി ഹസൻ, ഇയാളുടെ അനുജൻ ഗുഡ്ഡു എന്നിവർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് ആദ്യം നകി ഹസൻ പീഡിപ്പിച്ചത്.
പിന്നീട് ഇയാളുടെ അനുജനും ചേർന്ന് നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.