CrimeDeathEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ജോമോൻ താരമായ അഭയ കേസിന്‍റെ 28 വര്‍ഷങ്ങള്‍, ആ നാൾ വഴികൾ ഇങ്ങനെ..,

തിരുവനന്തപുരം / ജോമോൻ പുത്തൻപുരക്കലിന്റെ നേതൃത്വത്തി ലുള്ള ആക്ഷൻ കമ്മിറ്റി നടത്തിയ നീണ്ട പോരാട്ടത്തിന് ശേഷം സിസ്റ്റര്‍ അഭയ കേസില്‍ വിധി വന്നിരിക്കുന്നു. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാർ ആണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞിരിക്കുന്നു. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തിയിരിക്കുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ എന്തൊക്കെയെന്ന് കോടതി നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അഭയ കേസിന്‍റെ 28 വര്‍ഷങ്ങള്‍, ആ നാൾ വഴികൾ ഇങ്ങനെയാണ്.

1992 മാര്‍ച്ച് 27 – കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റ് അന്തേവാസിനിയും ബി.സി.എം. കോളേജ് പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ സിസ്റ്റര്‍ അഭയയെ കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു.

1992 മാര്‍ച്ച് 31 – മരണത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുന്നു.

1992 ഏപ്രില്‍ 14 – കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു.

1993 ജനുവരി 30 – സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽ സമര്‍പ്പിക്കപ്പെടുന്നു.

1993 ഏപ്രില്‍ 30 – ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസിന്‍റെ നേതൃത്വത്തില്‍ സി.ബി.ഐ. കേസ് അന്വേഷണം ഏറ്റെടുക്കുന്നു.

1993 ഡിസംബര്‍ 30 – വര്‍ഗീസ് പി.തോമസ് രാജിവെച്ചു.

1994 മാര്‍ച്ച് 17 – സി.ബി.ഐ ഫോറന്‍സിക് പരിശോധനയും ഡമ്മി പരിശോധനയും നടത്തി. മരണം കൊലപാതകമെന്ന് കണ്ടെത്തപ്പെടുന്നു.

1994 മാര്‍ച്ച് 27 – സി.ബി.ഐ. എസ്.പി. കേസ് ആത്മഹത്യയാക്കണമെന്നാവശ്യപ്പെട്ട് തനിക്കുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വര്‍ഗീസ് പി.തോമസിന്റെ വെളിപ്പെടുത്തൽ.

1994 ജൂണ്‍ 2- സി.ബി.ഐ. പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല നൽകുന്നു.

1996 ഡിസംബര്‍ 6- തുമ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം.കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നു.

1997 ജനുവരി 18- സി.ബി.ഐ. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹരജി നല്‍കുന്നു.

1997 മാര്‍ച്ച് 20- പുനരന്വേഷണത്തിന് എറണാകുളം സി.ജെ.എം. കോടതി ഉത്തരവിടുന്നു.

1999 ജൂലായ് 12- അഭയയെ കൊന്നതെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് പുറത്ത്. നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പ്രതികളെ പിടികൂടാനാകുന്നില്ലെന്നും സി.ബി.ഐ.യുടെ വെളിപ്പെടുത്തൽ.

2000 ജൂണ്‍ 23- സി.ബി.ഐ. ഹരജി എറണാകുളം സി.ജെ.എം. കോടതി തള്ളി. സത്യം പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹത്തോടെയായിരുന്നില്ല സി.ബി.ഐ. അന്വേഷണമെന്ന കോടതിയുടെ നിരീക്ഷണം ഉണ്ടാവുന്നു.

2001 മേയ് 18- കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം ഉണ്ടായി.

2005 ഓഗസ്റ്റ് 21- കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ. മൂന്നാം തവണയും അപേക്ഷ നല്‍കുന്നു.

2006 ഓഗസ്റ്റ് 30 –സി.ബി.ഐ. ആവശ്യം കോടതി നിരസിക്കുന്നു.

2007 മേയ് 22- ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തിരുവനന്തപുരം സി.ജെ.എം കോടതി പറയുന്നു.

2007 ജൂണ്‍ 11- കേസ് അന്വേഷണം പുതിയ സി.ബി.ഐ. സംഘത്തിന് നൽകുന്നു.

2007 ജൂലായ് 6- കേസില്‍ ആരോപണവിധേയരായവരെയും മുന്‍ എ.എസ്.ഐ.യെയും നാര്‍കോ അനാലിസിസിന് വിധേയരാക്കാന്‍ കോടതി ഉത്തരവ് ഉണ്ടാവുന്നു.

2007 ഓഗസ്റ്റ് 3- നാര്‍കോ പരിശോധന നടക്കുന്നു.

2007 മേയ് 22- ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തുരുവനന്തപുരം സി.ജെ.എം കോടതി.

2007 ഡിസംബര്‍ 11- സി.ബി.ഐ. ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നു.

2008 ജനുവരി 21- പരിശോധനാ റിപ്പോര്‍!ട്ട് സി.ബി.ഐ. സമര്‍പ്പിച്ചു.

2008 നവംബര്‍ 18- ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ പ്രതികളെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്യുന്നു.

2008 ഡിസംബര്‍ 29– പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളുന്നു.

2009 ജൂലൈ 17- സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കുന്നു

2011 മാര്‍ച്ച് 16- വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികളും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹർജി നൽകുന്നു.

2014 മാര്‍ച്ച് 19- തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് എസ്.പി കെ.ടി.മൈക്കിള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെടുന്നു.

2015 ജൂണ്‍ 30- ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നൽകുന്നു.

2018 ജനുവരി 22- കേസില്‍ തെളിവു നശിപ്പിച്ച മുന്‍ ക്രൈം ബ്രാഞ്ച് എസ്പിക്കെതിരെ കേസ്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.ടി.മൈക്കിളിനെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതി അന്വേഷണത്തിന് ഉത്തരവിടുന്നു.

2018 ഫെബ്രുവരി 16- കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് എം.കോട്ടൂരും ഫാദര്‍ ജോസ് പുതൃക്കയിലും രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ എത്തി കോണ്‍വെന്‍റിന്‍റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടിട്ടുണ്ടെന്ന് കോണ്‍വെന്‍റിന് സമീപത്തെ പള്ളിയിലെ വാച്ചര്‍ ആയിരുന്ന ദാസ് എന്ന ചെല്ലമ്മ ദാസിന്‍റെ നിർണ്ണായക മൊഴി ഉണ്ടാകുന്നു.

2018 മാര്‍ച്ച് 7- കേസില്‍ ഫാ.ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിടുന്നു.

2019 ഏപ്രില്‍ 9- ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിടുന്നു.

2020 ഫെബ്രുവരി 3- പ്രതികളെ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരുടെ വിസ്താരം ഹൈക്കോടതി വിലക്കി. നാര്‍ക്കോ അനാലിസ് ഫലം പ്രതികള്‍ക്കെതിരായ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുന്നു.

2020 നവംബര്‍ 3- നിര്‍ണായക തെളിവുകളായിരുന്ന തൊണ്ടിമുതലുകള്‍ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കെ.സാമുവല്‍ ആണെന്ന് സിബിഐ വ്യക്തമാക്കുന്നു.

2020 ഡിസംബര്‍ 22- അഭയ കൊലപാതക കേസില്‍ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധി പ്രസ്താവിക്കുന്നു. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button