ഉത്തരാഖണ്ഡ് ദുരന്തം: 32 പേരുടെ മൃതദേഹം കണ്ടെത്തി; കാണാതായവരുടെ എണ്ണം 197 ആയി

ഛമോലി: ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയില്‍ മിന്നല്‍പ്രളയത്തിലും മഞ്ഞുമല ഇടിച്ചിലിലും കാണാതായവരുടെ എണ്ണം 197ആയി. ഇതുവരെ 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രളയവും മലയിടിച്ചിലും നിരവധി മരണങ്ങള്‍ക്ക് കാരണമായതിനു പുറമെ എന്‍ടിപിസിയുടെ 480 മെഗാവാട്ട് തപോവന്‍-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെയും ഋഷിഗംഗ ഹൈഡല്‍ പദ്ധതിയുടെയും തുരങ്കങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇപ്പോഴും 25-35 പേര്‍ തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് കുറച്ചുദൂരം വരെ തുരങ്കത്തിലെ മണ്ണ് നീക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തുരങ്കത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
തുരങ്കത്തില്‍ കനത്ത ഇരുട്ടായതിനാല്‍ ടോര്‍ച്ച് ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോണ്‍ക്രീറ്റും മണ്ണും കൊണ്ട് പ്രദേശം മൂടിയിരിക്കുകയാണ്. തുരങ്കത്തിന് ഒരു കവാടമാണ് ഉള്ളത്. തുരങ്കത്തില്‍ 120 മീറ്ററോളം മണ്ണ് നീക്കിക്കഴിഞ്ഞതായി ഐടിബിപി വക്താവ് വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു.
തുരങ്കത്തിന്റെ ചുമരുകള്‍ക്ക് വിള്ളലുണ്ട്. വെള്ളം വീഴുന്ന ശബ്ദവും കേള്‍ക്കാം. പരസ്പരം ഒച്ചവച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പരസ്പരം ബന്ധപ്പെടുന്നത്. ഇനിയും 80, 180 മീറ്റര്‍ നീളത്തില്‍ ചളി നീക്കിയാലേ അകത്തേക്ക് സുഗമമായി പ്രവേശിക്കാനാവൂ.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യത്തിന്റെയും ഇന്‍ഡൊ തിബത്തന്‍ അതിര്‍ത്തി സേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും സംസ്ഥാന ദുരന്തനിവാരണസേനയുടെയും 600 പേരെ പ്രദേശത്ത് വിന്യസിപ്പിച്ചു.
മലവെള്ളപ്പാച്ചിലിലും പ്രളയത്തിലും മലയിടിച്ചിലിലും ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിച്ചുനല്‍കുന്ന ഇന്തോ തിബത്തന്‍ അതിര്‍ത്തി സേനയോട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നന്ദി പറഞ്ഞു.
മിന്നല്‍ പ്രളയത്തില്‍ 13 ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയും റോഡ് ഗതാഗതം താറുമാറാവുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകളും നശിച്ചു. രണ്ട് വലിയ ഡാമുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
മുന്‍പ് കേദാര്‍നാഥില്‍ 2013ലാണ് ഇത്തരമൊരു ദുരന്തം ഉണ്ടായത്. അന്ന് 5,700 പേര്‍ മരിച്ചു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണ് മിന്നല്‍ പ്രളയമെന്നാണ് കരുതപ്പെടുന്നത്.
ഉത്തരാഖണ്ഡില്‍ ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ സംസ്ഥാനത്തുനിന്നുള്ള എംപിമാരും പങ്കെടുത്തു. അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട രക്ഷാപ്രവര്‍ത്തനങ്ങളും അതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം വിശദമായ ചര്‍ച്ചനടത്തി.
പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിച്ച് കൃത്യമായി പ്രവചനം നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുരന്തങ്ങള്‍ ചാക്രികമായാണ് സംഭവിക്കുന്നത്. അതേക്കുറിച്ച് ശാസ്ത്രീയപഠനം നടത്തി ജീവനും സ്വത്തിനുമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ കഴിയുംപ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.