കേരളത്തിൽ ഇന്നും കനത്ത മഴ തുടരും.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിൽ ഇന്നും കനത്ത മഴ തുടരും. പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, കോട്ടയം എറണാകുളം ഇടുക്കി തൃശൂര്‍ പാലക്കാട മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും, കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അറബിക്കടലില്‍ ശക്തമായ കാലവര്‍ഷക്കറ്റ് വീശുന്നതിനാല്‍ തീരപ്രദേശത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ മിക്ക നദികളിലും ജലനിരപ്പ് അപകടനിലയ്ക്കടുത്തെത്തി. ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ തൃശൂർ ജില്ലയിലെ പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നു വിടുകയാണ്. ഇതിനാൽ ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ നദിയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
മഴ കനത്തതോടെ വാളയാര്‍ ഡാമും ഇന്ന് തുറക്കും. വയനാട്ടിലും മഴ ശക്തമായി തുടരുകയാണ്. വയനാട് പനമരത്തും മാനന്തവാടിയിലും പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.