അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു
കൊല്ലം:അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥി അമ്മ അന്തരിച്ചു. 105-ാം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ. 107 വയസ്സായിരുന്നു. ഇന്നലെ രാത്രി ആയിരുന്നു മരണം.
നൂറ്റിയഞ്ചിന്റെ നിറവിലും അക്ഷരവഴികളിലേക്കുള്ള കൈവിടാതെ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടി മുത്തശ്ശി വന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തി. ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു. നാല് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ.
നാരീശക്തി പുരസ്‌കാര ജേതാവാണ്. നൂറ്റിയാറാം വയസില്‍ തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി മന്‍കീ ബാത്തിലും പരാമര്‍ശിച്ചിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും.