‘ഞാൻ തളരില്ല, ഒടുവിൽ വീഴുന്നത് നിങ്ങൾ തന്നെയാകും’: പാർവതി തിരുവോത്ത്
കൊച്ചി: മീ ടൂ ആരോപണ വിധേയൻ റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്ത നടി പാർവതി തിരുവോത്തിനു നേരെ പലയിടങ്ങളിൽ നിന്നും വിമർശങ്ങൾ ഉയർന്നിരുന്നു. പാർവതിയുടെ തന്നെ മുൻ നിലപാടുകളുമായി ബന്ധമില്ലാത്ത പ്രവർത്തിയെ ചോദ്യം ചെയ്തായിരുന്നു വിമർശനങ്ങൾ. എന്നാൽ, ഇത്തരം വിമർശനങ്ങൾക്ക് സൈബർ ആക്രമണത്തിന്റെ മുഖമുണ്ടെന്നു പറയുകയാണ് നടി.
തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതിൽ ലജ്ജയില്ലെന്നും പാർവതി പറഞ്ഞു. തനിക്ക് നേരെയുള്ളത് സൈബർ ആക്രമണമാണെന്നും ഇത് ആദ്യ സംഭവമല്ലെന്നും നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തത് വിവാദമായതോടെ നടി ലൈക്ക് പിൻവലിച്ച് മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു.
‘ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തിൽ നിന്നും എന്നെ വേർപെടുത്തിയതിലുള്ള സന്തോഷവുമാണ് നിങ്ങളുടെ പ്രതികരണത്തിൽ നിന്നും എനിക്ക് മനസിലാകുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാൽ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ, ഭ്രഷ്ട് കൽപിക്കുന്ന സംസ്കാറാം ശരിയല്ല. നിങ്ങൾ ചേർന്നു നിൽക്കുന്നത് ആ രീതിയോടാണ്. എന്റെ കാര്യത്തിൽ അങ്ങനെയല്ല. എനിക്കും മറ്റുള്ളവർക്കും ഒരിടം എപ്പോഴും ഞാൻ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതിൽ ഞാനൊരിക്കലും ലജ്ജിക്കാറില്ല. പക്ഷെ, നിങ്ങൾ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും മുൻധാരണകളും വച്ച് മറ്റൊരാളെ കീറി മുറിച്ച് മുന്നോട്ട് പോകുമ്ബോൾ ഒന്നോർക്കുക, വീഴുന്നത് നിങ്ങൾ തന്നെയായിരിക്കും’. – പാർവതി വ്യക്തമാക്കി.