കേസിനു മതത്തിന്റെ നിറം നൽകരുത്: ക്രിമിനൽ നടപടി ചട്ടത്തിൽ ഹിന്ദു പ്രതിയെന്നോ ക്രിസ്ത്യൻ പ്രതിയെന്നോ ഇല്ലെന്നു ഹൈ കോടതി

കൊച്ചി: ക്രിമിനൽ നടപടി ചട്ടത്തിൽ ഹിന്ദു പ്രതിയെന്നോ ക്രിസ്ത്യൻ പ്രതിയെന്നോ ഇല്ലെന്നു ഹൈ കോടതി. കേസിനു മതത്തിന്റെ നിറം നൽകുന്നത് തെറ്റാണ്. ജെസ്‌ന തിരോധാനവുമായി ബന്ധപെട്ടു കേസിൽ കക്ഷി ചേരാനുള്ള ക്രൈസ്‌തവ സംഘടനയുടെ ഹർജി പരിഗണിക്കുക ആയിരുന്നു കോടതി.
ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അല്ലിയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടയാണ് കേസിൽ കക്ഷി ചേരാൻ ഉപ ഹർജി നൽകിയത്. സഹോദരന്റെ ഹർജി നിലനിൽക്കെ ഇത്തരമൊരു ഹർജി എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി ആരാഞ്ഞു. കക്ഷി ചേരാനുള്ള അപേക്ഷയിൽ വിശദീകരണം കോടതി തേടി.
ജെസ്‌ന കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. സർക്കാർ നേരത്തേ കോടതിയിൽ നൽകിയ വിശദീകരണം പരിശോധിച്ച് നിലപാട് അറിയിക്കാനാണ് ജസ്റ്റിസ് വി ജി അരുൺ ആവശ്യപ്പെട്ടത്. പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മറിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരനടക്കം നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
2018 മാർച്ച് 22 നാണ് പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജെസ്‌ന ജെയിംസിനെ കാണാതാകുന്നത്. സംസ്ഥാന പൊലീസ് സംവിധാനത്തിന്റെ സകലശേഷിയും കേസിന്റെ അന്വേഷണത്തിന് ഉപയോഗിച്ചതായി സർക്കാർ അറിയിച്ചു. സിബിഐ അന്വേഷണത്തിൽ കേന്ദ്രത്തിന്റെ നിലപാടറിയാൻ ഹർജി ഫെബ്രുവരി 12ലേക്കു മാറ്റി.